തൃശൂർ: കെഎസ്ഇബി വിവാദത്തിൽ മുഖ്യമന്ത്രിക്കും മുൻമന്ത്രി എംഎം മണിക്കുമെതിരേ കടുത്ത വിമർശനമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്ഇബിയിലെ ശതകോടികളുടെ അഴിമതി കണക്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ പാർട്ടിക്കാരോ ഇതുവരെ മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി മൻമോഹൻ സിങ്ങിന് പഠിക്കുകയാണെന്നാണ് സംശയം. കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. നേരത്തെ മൻമോഹൻ സിങ്ങും ഇതേകാര്യമാണ് ചെയ്തതെന്ന് സുരേന്ദ്രൻ പറഞ്ഞു.
വൈദ്യുതിമന്ത്രിയായിരിക്കെ മുൻ മന്ത്രി എംഎം മണിയും ലംബോധരനും ശതകോടികളുടെ അഴിമതിയാണ് നടത്തിയത്. ഇടുക്കിയിൽ പല സ്ഥലത്തുമുള്ള കെ എസ്ഇബിയുടെ ഭൂമികൾ റിസോർട്ട് മാഫിയകൾക്കും റിയൽ എസ്റ്റേറ്റ് മാഫികൾക്കും പാർട്ടിക്കാർക്കും പതിച്ചു നൽകി കോടികളുടെ അഴിമതി നടത്തി. ഹൈഡൽ പ്രോജക്റ്റുകളിൽ വലിയ തോതിലുള്ള ക്രമക്കേട് നടന്നു.
എംഎം മണിയെ പോലെ തട്ടിപ്പുകാരനായ ഒരുരാഷ്ട്രീയ നേതാവ് കേരളത്തിൽ ഇല്ല. ലാലു പ്രസാദ് യാദവ് ബിഹാറിൽ ചെയ്യുന്ന കാര്യങ്ങളാണ് എംഎം മണി കേരളത്തിൽ ചെയ്യുന്നത്. പാവങ്ങളുടെ ആളാണ്, സാധാരണക്കാരനാണ്, പശുവിനെ കറന്ന് ജീവിക്കുന്നുവെന്നൊക്കെ പറഞ്ഞ് ആയിരക്കണക്കിന് കോടികളാണ് തട്ടിപ്പാക്കിയത്. ലാലുവിന്റെ കേരള പതിപ്പാണ് എംഎം മണി എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിലെ ബിജെപിപ്രവർത്തകന്റെ കൊലപാതകത്തിനും കണ്ണൂരിലെ ബോംബാക്രമണ കേസിനും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേരും സിപിഎമ്മിന്റെ സജീവപ്രവർത്തകരാണ്. ഹരിപ്പാട് കൊലപാതകത്തിൽ സിപിഎം നേതൃത്വം മറുപടി പറയണം. കൊലയാളികളുടെ സിപിഎം ബന്ധം തെളിയിക്കാൻ ബിജെപി തയ്യാറാണ്.
കേരളത്തിൽ കൊട്ടേഷൻ സംഘങ്ങളും ലഹരിമാഫിയയും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കൊലയാളി മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. കേരളത്തിലെ ക്രമസമാധാന നില സമ്പൂർണമായി തകർന്നു. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണ്. പാർട്ടി ഇടപെടൽ കാരണം പോലീസിന് കാര്യക്ഷമമായി അന്വേഷണം നടത്താനാവുന്നില്ല. പോലീസിന്റെ കൈകൾ ബന്ദിക്കപ്പെട്ടിരിക്കുന്നു. ഇത്രയും സംഭവങ്ങൾ നടന്നിട്ടും മുഖ്യമന്ത്രിക്ക് ഇതിലൊന്നും അഭിപ്രായമില്ല. കേരളവുമായി ബന്ധമില്ലാത്ത വിഷയങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബിജെപി അധികാരത്തിലെത്തിയില്ലെങ്കിൽ ഉത്തർപ്രദേശ് കേരളം പോലെ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞപ്പോൾ അതിനെതിരേ വലിയ വിമർശനമാണ് ഉയർന്നത്. ക്രമസമാധാന നിലയുടെ കാര്യത്തിൽ കേരളം ഉത്തർപ്രദേശിനേക്കാൾ എത്രയോ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.