ന്യൂഡൽഹി
കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ രാജ്യാന്തരതലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്നു. അമേരിക്കയിലെ മതസ്വാതന്ത്ര്യകമീഷൻ സ്ഥാനപതിക്ക് പിന്നാലെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും(ഒഐസി) വിമർശവുമായി രംഗത്തുവന്നു. ഹിജാബ് വിലക്ക്, സമൂഹമാധ്യമങ്ങൾ വഴി മുസ്ലിംസ്ത്രീകളെ അപമാനിക്കൽ, ഹരിദ്വാറിലെ ഹിന്ദുസമ്മേളനത്തിൽ ഉയർന്ന വംശഹത്യ ആഹ്വാനം എന്നിവ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതെന്ന് ഒഐസി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള 57 രാജ്യങ്ങളുടെ, ജിദ്ദ ആസ്ഥാനമായ കൂട്ടായ്മയാണ് ഒഐസി. മുസ്ലിം സമുദായത്തിന് സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് ഇന്ത്യയോട് ഒഐസി ആവശ്യപ്പെട്ടു.
പല സംസ്ഥാനത്തും മുസ്ലിങ്ങൾക്കെതിരെ നിയമനിർമാണം നടക്കുന്നു. മുസ്ലിങ്ങളും ആരാധനാലയങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്നു. കെട്ടുകഥ പ്രചരിപ്പിച്ചാണ് ആക്രമണം. ഇന്ത്യയിൽ ഇസ്ലാമോഫോബിയ പടരുകയാണെന്ന് ഒഐസി പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, പ്രേരണയുടെ അടിസ്ഥാനത്തിലുള്ള തെറ്റിദ്ധാരണാജനകമായ പ്രസ്താവനയാണിതെന്ന് വിദേശമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. രാജ്യത്തെ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽനിന്ന് ഭരണവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രശ്നം കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് സംവിധാനമുണ്ടെന്നും ബാഗ്ചി പറഞ്ഞു. ഹിജാബ് വിലക്ക് മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് അമേരിക്കൻ കമീഷൻ വിമർശിച്ചിരുന്നു. മലാല യൂസഫ്സായും വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര പത്രങ്ങളും വിഷയത്തിൽ വിമർശമുന്നയിച്ചിരുന്നു.
പ്രമേയം പാസാക്കി ബഹ്റൈന്
പാര്ലമെന്റ്
അനസ് യാസിന്
കർണാടകയിലെ ഹിജാബ് വിലക്കിനെ അപലപിച്ച് ബഹ്റൈൻ പാർലമെന്റ് പ്രമേയം പാസാക്കി. ഇത്തരം വിവേചനം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദം ഉയർത്തണമെന്ന് പാർലമെന്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർടിയുടെ ശക്തി കേന്ദ്രമായ സംസ്ഥാനത്താണ് ഹിജാബ് വിലക്കിയത്. വിദ്യാർഥികൾക്ക് പഠിക്കാൻ ഹിജാബ് അഴിച്ചുവയ്ക്കേണ്ടിവരുന്നു. ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെയാണിത്. വിഷയം കൂടുതൽ വഷളാകുന്നതിന് മുമ്പ് അന്താരാഷ്ട്രലോകം ശക്തമായ നിലപാടെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കർണാടകത്തിൽ ഹിജാബ് അഴിപ്പിക്കല് തുടരുന്നു ; വിദ്യാർഥികൾ കൂട്ടത്തോടെ മടങ്ങി
കർണാടകത്തിൽ വീണ്ടും തുറന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചവരെ തടഞ്ഞതിനാൽ ആയിരക്കണക്കിന് വിദ്യാർഥികൾ മടങ്ങിപ്പോയി. പ്രീയൂണിവേഴ്സിറ്റി, ഡിഗ്രി, ഡിപ്ലോമ കോളേജുകളാണ് ബുധനാഴ്ച തുറന്നത്. യൂണിഫോം നിർബന്ധമില്ലാത്ത കോളേജുകളിൽ ഹൈക്കോടതി ഉത്തരവ് ബാധകമല്ലെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ഉഡുപ്പി, ശിവമൊഗ, കുടക്, കലബുര്ഗി, വിജയപുര, യാദ്ഗിർ തുടങ്ങിയിടങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പി ഗവ. വനിതാ പിയു കോളജിലെ ആറു വിദ്യാർഥികൾ ബുധനാഴ്ച കോളേജിലെത്തിയില്ല.
പ്രതിഷേധം ശക്തമായ ഉഡുപ്പി എംജിഎം കോളേജ് ബുധനാഴ്ച തുറന്നില്ല. ഓൺലൈൻ ക്ലാസ് തുടരും.ബംഗളൂരു മല്ലേശ്വരത്ത് ഗവ. പിയു കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസിലേക്ക് പോകാൻ വിദ്യാർഥികളെ നിർബന്ധിച്ച കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ശിവമോഗയിലെ സാഗര ഗവ. പിയു കോളേജിന് പ്രതിഷേധത്തെത്തുടർന്ന് അവധി പ്രഖ്യാപിച്ചു. ഡിവിഎസ് കോളേജിൽ ഹിജാബ് ഒഴിവാക്കാത്തതിനാൽ പരീക്ഷ എഴുതിച്ചില്ല.
മംഗളൂരു പോമ്പൈ പിയു കോളേജിൽ 26 വിദ്യാർഥികളെയും ദയാനന്ദ് പൈ ഡിഗ്രി കോളേജിൽ രണ്ടു വിദ്യാർഥികളെയും തിരിച്ചയച്ചു. മറ്റു നാലു കോളേജുകളിൽ ഹിജാബ് നീക്കിയശേഷം ക്ലാസിൽ പ്രവേശിപ്പിച്ചു. നെല്ലിഹുഡിക്കേരി കോളേജ്, ശനിവാരശാന്തെയിലെ ഭാരതി വിദ്യാസമസ്തെ കോളേജ് എന്നിവിടങ്ങളിലും നൂറോളം പേരെ തിരിച്ചയച്ചു.















