വാഷിങ്ടൺ
ഉക്രയ്ന് പ്രതിസന്ധിയ്ക്ക് അയവുവരുത്താന് അതിർത്തിയിൽനിന്ന് റഷ്യൻ സൈന്യം മടങ്ങിത്തുടങ്ങിയിട്ടും യുദ്ധഭീതി പരത്തി പാശ്ചാത്യരാജ്യങ്ങള്. തെക്കൻ, പടിഞ്ഞാറൻ അതിര്ത്തി മേഖലയിൽ തമ്പടിച്ച റഷ്യൻ സൈന്യം ബുധനാഴ്ചമുതൽ മടങ്ങിതുടങ്ങി. 2014ല് റഷ്യയുടെ ഭാഗമായ ഉക്രയ്നിലെ ഉപദ്വീപിയ മേഖലയായ ക്രിമിയയിലെ സൈനികാഭ്യാസം പൂർണമായി അവസാനിച്ചതായും റഷ്യൻ സൈന്യം അറിയിച്ചു. എന്നാല് റഷ്യ ഉക്രയ്നെ ആക്രമിക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചു. അമേരിക്കയുടേയും പാശ്ചാത്യമാധ്യമങ്ങളുടേയും “യുദ്ധപ്രചരണത്തെ’ പരിഹസിച്ച് റഷ്യന് നേതാക്കള് രംഗത്ത് എത്തി.
ഉക്രയ്ന് നാറ്റോ സഖ്യത്തിന്റെ ഭാഗമാകരുതെന്ന റഷ്യയുടെ നിലപാടിന് യൂറോപ്പിലെ അതിശക്തരായ രാജ്യങ്ങളായ ഫ്രാന്സും ജര്മ്മനിയും പിന്തുണ അറിയിച്ചതോടെയാണ് റഷ്യന് സൈനിക പിന്മാറ്റമെന്ന് അന്താരാഷ്ട്രനിരീക്ഷകര് വിലയിരുത്തുന്നു. നാറ്റോയോട് പരസ്യമായി എതിര്പ്പ് പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്സ് പ്രസിഡന്റ് ഇമ്മാനുവേല് മാക്രോണും ജര്മന് ചാന്സലര് ഒലാഫ് ഷോള്സും റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിനെ സന്ദര്ശിച്ച ശേഷമാണ് സൈനികപിന്മാറ്റം ഉണ്ടായത്. ഇരുരാജ്യവും റഷ്യക്ക് വ്യക്തമായ ഉറപ്പു നല്കിയെന്നാണ് വിലയിരുത്തല്. ഉക്രയ്നെ പിന്വാതിലിലൂടെ ആയുധമണിയിച്ച് യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള പാശ്ചാത്യചേരിയുടെ നീക്കം പാളുന്നതാണ് യുഎസ് പ്രസിഡന്റ് വീണ്ടും പ്രകോപനവുമായി രംഗത്ത് എത്തിയതിന് പിന്നിലെന്നും കരുതുന്നു.
സൈനിക പിന്മാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നെങ്കിലും വിശ്വാസയോഗ്യമായ തെളിവില്ലാതെ റഷ്യൻ സൈന്യം മടങ്ങിയെന്ന് അംഗീകരിക്കില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. തെളിവ് ആവശ്യപ്പെട്ട് നാറ്റോ ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗും രംഗത്തെത്തി. റഷ്യ–- ഉക്രയ്ൻ വിഷയം ചർച്ചചെയ്യാൻ നാറ്റോ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാർ ബ്രസൽസിൽ യോഗം ചേരും.
ഉക്രയ്നിൽ സൈബർ ആക്രമണം
പ്രതിരോധ മന്ത്രാലയത്തിന്റെയും രണ്ട് ബാങ്കിന്റെയും വെബ്സൈറ്റിൽ സൈബർ ആക്രമണം നടന്നതായി ഉക്രയ്ൻ. വെബ്സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പ്രതിരോധമന്ത്രലായം ട്വീറ്റ് ചെയ്തു. ബാങ്ക് ഇടപാടുകൾ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൈബർ ആക്രമണം നടന്നതായി ഉക്രയ്നിലെ ഒഷാഡ് ബാങ്ക് സ്ഥിരീകരിച്ചു. പിന്നിൽ റഷ്യയാണെന്ന ആരോപണം ക്രെമിലിൻ നിഷേധിച്ചു.
ഐക്യദിനം ആചരിച്ച് ഉക്രയ്ൻ
പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ആഹ്വാനപ്രകാരം ഉക്രയ്ന് ഐക്യദിനം ആചരിച്ചു. റഷ്യ ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ ദിവസമായ ബുധനാഴ്ചയാണ് ഐക്യദിനമായി ആചരിച്ചത്. സ്കൂളുകൾക്കും ആശുപത്രികൾക്കും മുന്നിൽ പതാക ഉയർത്തി.
പരിഹസിച്ച് റഷ്യ
റഷ്യ ഉക്രയ്നെ ആക്രമിക്കുമെന്ന് വീണ്ടും പറയുന്ന പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ നേതാക്കൾ എത്രയും വേഗം ചിത്തഭ്രമത്തിന് ഡോക്ടറുടെ സേവനം തേടണമെന്ന് യുഎന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്കി. റഷ്യ ഉക്രയ്നെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന ആരോപണം ദിമിത്രി നിഷേധിച്ചു. റഷ്യയുടെ സൈന്യം ഞങ്ങളുടെ അതിർത്തിക്കകത്തുതന്നെയുണ്ട്. ആർക്കും ഭീഷണിയുണ്ടാക്കുന്നില്ല. ബലാറസുമായി ചേർന്നുള്ള പരിശീലനവും ഉടൻ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ ഉക്രയ്നെ ആക്രമിക്കുന്ന സമയക്രമം പുറത്തിറക്കിയാല് അതനുസരിച്ച് അവധിയെടുക്കുന്നത് തീരുമാനിക്കാമെന്നാണ് റഷ്യന്വിദേശമന്ത്രാലയവക്താവ് പരിഹസിച്ചത്.















