കാസ്ഗഞ്ച് (ഉത്തർപ്രദേശ്)
പ്രഥമനും ഇലയടയും കൊഴുക്കട്ടയും അടക്കമുള്ള മലയാളിയുടെ പ്രിയവിഭവങ്ങളുടെ പ്രധാന ചേരുവയാണ് ശർക്കര. കരിമ്പിന്റെ നാടായ ഉത്തർപ്രദേശിലൂടെ സഞ്ചരിക്കുമ്പോൾ നിരവധി ചെറുകിട ശർക്കര നിർമാണ യൂണിറ്റ് കാണാം. സംസ്ഥാനത്തെ പ്രധാന ചെറുകിട വ്യവസായങ്ങളിലൊന്നാണിത്. എന്നാൽ, കരിമ്പ് കൃഷിയും ശർക്കര നിർമ്മാണ യൂണിറ്റുകളും പ്രതിസന്ധിയിലാണ്. പഞ്ചസാര മില്ല് സംസ്ഥാനത്ത് ഇരുന്നൂറിൽ താഴെയെങ്കിൽ ശർക്കര നിർമാണ യൂണിറ്റ് ആയിരക്കണക്കിനാണ്. കാസ്ഗഞ്ചിന് സമീപം പഞ്ചി ഗ്രാമത്തിലാണ് ബബ്ലു സെയ്നിയെന്ന ചെറുപ്പക്കാരന്റെ ശർക്കര യൂണിറ്റ്. ബികോം ബിരുദധാരിയായ ബബ്ലു ജോലി ലഭിക്കാത്തതിനെതുടർന്നാണ് ലക്ഷങ്ങൾ വായ്പയെടുത്ത് ശർക്കര നിർമാണത്തിലേക്ക് തിരിഞ്ഞത്. എന്നാൽ, നോട്ട് നിരോധനവും ജിഎസ്ടിയും കോവിഡുമെല്ലാം പ്രതിസന്ധിയായി. കരിമ്പ് പാടത്തോട് ചേർന്ന യൂണിറ്റിൽ പത്തിലേറെ തൊഴിലാളികളുണ്ട്. പുലർച്ചെ അഞ്ചോടെ പ്രവർത്തനമാരംഭിക്കും. നല്ല കാലാവസ്ഥയെങ്കിൽ രാത്രി ഏഴുവരെ തുടരും.
കരിമ്പിൻ തണ്ട് ആദ്യം നീരാക്കും. ഇത് തിളയ്ക്കുന്ന വലിയ ചെമ്പുകളിൽ എത്തിക്കും. ചെമ്പുകൾ മൂന്നെണ്ണമുണ്ട്. മൂന്നാമത്തെ ചെമ്പിൽ എത്തുമ്പോൾ കരിമ്പിൻ നീര് ശുദ്ധമാകും. തിളച്ചുമറിയുന്ന നീര് പ്രത്യേക കളങ്ങളിലേക്ക് ഒഴിക്കും. വേഗത്തിൽ കട്ട പിടിക്കാൻ ഡിക്കൊലൈറ്റ് എന്ന രാസമിശ്രിതം ചേർക്കും. ഒപ്പം കൃത്രിമ നിറവും. കട്ടകൾ മുറിച്ചെടുത്ത് ശർക്കരയാക്കും.
വൈദ്യുതി, ഡീസൽ നിരക്ക് വർധനയും പ്രതിസന്ധിയിലാക്കുന്നതായി ബബ്ലു പറഞ്ഞു. മില്ലുകളിൽ വില കിട്ടാൻ വൈകുന്നതിനാൽ പെട്ടെന്ന് പണം ആവശ്യമായ കർഷകർ കരിമ്പ് ശർക്കര യൂണിറ്റിലെത്തിക്കും. നിലവിൽ ക്വിന്റലിന് 290 രൂപയാണ് കരിമ്പിന്റെ വില. കിലോയ്ക്ക് 38 രൂപ നിരക്കിലാണ് മൊത്ത വിപണിയിൽ ശർക്കര വിൽക്കുന്നത്. പ്രതിദിനം 15 ക്വിന്റൽവരെ ഉൽപ്പാദിപ്പിക്കും. എന്നാൽ, മഞ്ഞും മഴയും ഉൽപ്പാദനത്തെ ബാധിക്കും. കടുത്ത വേനലിലും ഉൽപ്പാദനം കുറയും. മേഖലയ്ക്ക് സർക്കാരിന്റെ സഹായമൊന്നുമില്ലെന്നും- ബബ്ലു പറഞ്ഞു.















