ന്യൂഡൽഹി
ആൾക്കൂട്ട അതിക്രമം തടയാൻ വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ കേന്ദ്രസർക്കാർ. പശ്ചിമബംഗാൾ, രാജസ്ഥാൻ, ജാർഖണ്ഡ്, മണിപ്പുർ സംസ്ഥാനങ്ങളാണ് ആൾക്കൂട്ട അതിക്രമത്തിനെതിരെ കർശനശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കിയത്. രാജസ്ഥാന്റെയും മണിപ്പുരിന്റെയും ബിൽ ഗവർണർമാർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. കേന്ദ്രമന്ത്രിസഭാ നിർദേശത്തിനു ശേഷമേ രാഷ്ട്രപതിക്ക് ബില്ലിൽ തീരുമാനമെടുക്കാനാകൂ.
എന്നാൽ, പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ നിലപാട്. കൊലപാതകം സംബന്ധിച്ച ഐപിസി 300, 302 വകുപ്പ് മതിയെന്നാണ് 2019ൽ ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടി. രാജ്യത്ത് കന്നുകാലിക്കടത്തും മറ്റും ആരോപിച്ചുള്ള സംഘപരിവാർ ആക്രമത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രത്യേക നിയമമുണ്ടാക്കണമെന്ന് 2018 ജൂലൈയിൽ സുപ്രീംകോടതി നിർദേശിച്ചു.
തുടർന്ന്, 2018ൽ മണിപ്പുരും 2019 ആഗസ്തിൽ പശ്ചിമബംഗാളും രാജസ്ഥാനും 2021 ഡിസംബറിൽ ജാർഖണ്ഡും ബിൽ പാസാക്കി.ജീവപര്യന്തവും പിഴയും ഉൾപ്പെടെ ചുമത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ, ബില്ലിന് അംഗീകാരം നൽകുന്നതിൽ കേന്ദ്രത്തിന് വിമുഖത തുടരുന്നു. മണിപ്പുരിന്റെയും രാജസ്ഥാന്റെയും ബിൽ പരിഗണനയിലാണെന്ന് കേന്ദ്രം 2019 നവംബറിൽ പാർലമെന്റിനെ അറിയിച്ചു. പശ്ചിമബംഗാൾ സർക്കാരിന്റെ ബിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ ചോദ്യത്തിനുള്ള മറുപടി.














