ന്യൂഡൽഹി
പുരോഗമന എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയവരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പ്രസാധകരുടെ അന്താരാഷ്ട്ര യൂണിയൻ പ്രസ്താവന പുറത്തിറക്കി.അർജന്റീന, ബ്രസീൽ, ചിലി, ബെൽജിയം, റൊമാനിയ, സ്ലൊവേനിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്പെയിൻ, ടാൻസാനിയ, തുർക്കി, അമേരിക്ക, വെനസ്വേല, കെനിയ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങി 19 രാജ്യത്തെ നാൽപ്പതോളം പ്രസാധകരുടെ പ്രതിനിധികൾ സംയുക്തപ്രസ്താവനയിൽ ഒപ്പിട്ടു.
ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം കഴിഞ്ഞു. നരേന്ദ്ര ധാബോൽക്കർ, എം എം കലബുർഗി, ഗൗരി ലങ്കേഷ് എന്നിവരും കൊല്ലപ്പെട്ടു. ഇവരുടെ കുടുംബങ്ങൾക്ക് ഇടതുപക്ഷ പ്രസാധക മുന്നണി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. കൊലപാതകങ്ങൾക്കു പിന്നിൽ സനാതൻ സൻസ്തയടക്കമുള്ള തീവ്രഹിന്ദുത്വസംഘടനകളാണെന്ന് റിപ്പോർട്ടുണ്ട്. എല്ലാ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുന്നണി ആവശ്യപ്പെട്ടു.














