റിയൽമി, പുതിയ റിയൽമി 9 പ്രോ, പ്രോ പ്ലസ് ഫോണുകൾ പ്രഖ്യാപിച്ചു. റിയൽമി 8 പ്രോയിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് 9 പ്രോ ഫോണുകൾ വരുന്നത്. ഫോണിന്റെ ഡിസൈൻ പുതിയതാണ്. ഫോണിന്റെ സൺറൈസ് ബ്ലൂ മോഡലിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറം മാറുന്ന ഫോട്ടോക്രോണിക് ലെയർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഫോൺ വെയിലത്ത് കാണിച്ചാൽ നീല നിറം ചുവപ്പിലേക്ക് മാറുന്നതായി കാണാം. വിവോയും നേരത്തെ സമാനമായ ഡിസൈനിൽ ഒരു ഫോൺ അവതരിപ്പിച്ചിരുന്നു.
9 പ്രോ പ്ലസിന്റെ മുഖ്യ സവിശേഷതകളിലൊന്ന് 50 എംപി പ്രൈമറി ക്യാമറയാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ക്യാമറയിൽ സോണി ഐഎംഎക്സ് സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന ക്യാമറയ്ക്കൊപ്പം ഒരു അൾട്രാ വൈഡ് ലെൻസും മാക്രോ ലെൻസും ഉണ്ടാവും. അതേസമയം, റിയൽമി 9 പ്രോയിൽ 64 എംപി പ്രൈമറി ക്യാമറയുണ്ട്. എന്നാൽ ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനില്ല.
സാധാരണ പ്രോ പതിപ്പും പ്രോ പ്ലസ് പതിപ്പും തമ്മിൽ കാണാറുള്ള പോലുള്ള വെത്യാസങ്ങളല്ല ഈ ഫോണുകളിലുള്ളത്. 9 പ്രോ പ്ലസിൽ 50 എംപി പ്രൈമറി ക്യാമറയാണെങ്കിൽ 9 പ്രോയിൽ 64 എംപി ക്യാമറയാണ്. പ്രോ പ്ലസിന്റെ സ്ക്രീനിന് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി പാനലും മീഡിയാ ടെക് ഡൈമെൻസിറ്റി 920 പ്രൊസസറും 4500 എംഎഎച്ച് ബാറ്ററിയും 60 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമാണുള്ളത്.
അതേസമയം, റിയൽമി 9 പ്രോയിലാകട്ടെ 120 ഹെർട്സ് എൽസിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 695 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിവയുണ്ട്.
എന്നാൽ 9 പ്രോ പ്ലസിലെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറാണ് പ്രധാനമായും ഇതിനെ ഒരു വിലകൂടിയ പതിപ്പാക്കി മാറ്റുന്നത്.
ഫോണുകളുടെ വില വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലും യൂറോപ്പിലും ഫോൺ അവതരിപ്പിക്കും.