ന്യൂഡൽഹി
ദേശീയരാഷ്ട്രീയത്തിൽ കൂടുതൽ ഒറ്റപ്പെട്ട് കോണ്ഗ്രസ്. ദിശാബോധമില്ലാതെ നീങ്ങുന്ന കോൺഗ്രസിനെ പ്രാദേശികകക്ഷികൾ പരസ്യമായി തള്ളിപ്പറയുന്നു. മഹിളാ കോൺഗ്രസ് നേതാവും പഞ്ചാബ് വനിതാ കമീഷൻ അധ്യക്ഷയുമായ മനീഷ ഗുലാത്തി ഞായറാഴ്ച ബിജെപിയിൽ ചേർന്നു. യുപിഎ മന്ത്രിസഭയിൽ പ്രമുഖനായ അശ്വിനികുമാറാണ് ഒടുവിൽ കോൺഗ്രസ് വിട്ടത്. തെരഞ്ഞെടുപ്പ്കാലത്തുപോലും രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാനാകാത്ത പാർടിയായി കോൺഗ്രസ് ദുർബലമായെന്ന് ഇതര മതനിരപേക്ഷ പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നശേഷം എഐസിസി അധ്യക്ഷപദവി ഒഴിഞ്ഞ രാഹുൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉദാസീന നിലപാടാണ് കൈക്കൊണ്ടത്. ഹരിയാനയിലെ അനുകൂല സാഹചര്യം കളഞ്ഞുകുളിച്ചു. മഹാരാഷ്ട്രയിൽ ബിജെപിയെ ഭരണത്തിൽനിന്ന് അകറ്റിയത് എൻസിപിയുടെയും ശിവസേനയുടെയും ഉറച്ചനിലപാട്.ബംഗാൾ, കേരളം, തമിഴ്നാട്, അസം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ രാഹുലും പ്രിയങ്കയും കേരളത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അസമിൽ കോൺഗ്രസ് കാട്ടിയ അബദ്ധം ബിജെപിക്ക് ഗുണമായി. പുതുച്ചേരിയിൽ കോൺഗ്രസിലെ പിളർപ്പ് എൻഡിഎയെ അധികാരത്തിലെത്തിച്ചു. മറ്റ് മൂന്ന് സംസ്ഥാനത്തും ബിജെപിയെ ചെറുത്തത് കോൺഗ്രസിതര കക്ഷികള്.
പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം രാഹുലും പ്രിയങ്കയും കൈകാര്യംചെയ്ത് വഷളാക്കി. രാഷ്ട്രീയ പക്വത പ്രകടിപ്പിക്കാത്ത നവ്ജ്യോത് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കി, മുഖ്യമന്ത്രി അമരീന്ദറിനെ ഒഴിവാക്കി. അമരീന്ദർ ബിജെപി മുന്നണിയിലെത്തി. തന്ത്രങ്ങൾക്ക് രൂപംനൽകേണ്ട സമയത്ത് രാഹുൽ വിദേശത്തുപോയി. ഗോവയിൽ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാൻ കോൺഗ്രസ് മുൻകൈ എടുത്തില്ല. യുപിയിൽ മതനിരപേക്ഷവോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയില് ചേക്കേറി. ഇത്ര ഗുരുതര സ്ഥിതി ഉണ്ടായിട്ടും പ്രവർത്തകസമിതി പോലും ചേരുന്നില്ല.















