ഹാപ്പുർ
യുപിയില് കരിമ്പിന്റെ വിളവെടുപ്പ് കാലമാണ്. കരിമ്പിൻ തണ്ടുകളുമായി പഞ്ചസാര മില്ലുകളിലേക്ക് നിരനിരയായി നീങ്ങുന്ന ട്രാക്ടറുകളാണ് പ്രധാന യാത്രാക്കാഴ്ച. ഹാപ്പുറിന് സമീപം ഉൾമേഖലയിൽ കർഷകനായ വിനോദ് കുമാറിനെ സ്വന്തം കൃഷിയിടത്തിലാണ് കണ്ടുമുട്ടിയത്. രാഷ്ട്രീയ നിലപാട് പങ്കുവയ്ക്കാൻ അദ്ദേഹം താൽപ്പര്യം കാട്ടിയില്ല. എന്നാൽ, കരിമ്പിന് മധുരമുണ്ടെങ്കിലും യുപിയിൽ കരിമ്പുകൃഷിക്ക് ചവർപ്പെന്ന് തുറന്നുപറഞ്ഞു. അഞ്ച് വർഷമായി കരിമ്പുവിലയിൽ മാറ്റമില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആദിത്യനാഥ് സർക്കാർ ക്വിന്റലിന് 25 രൂപ കൂട്ടി. മുന്തിയ ഇനം കരിമ്പിന് ക്വിന്റലിന് 340 രൂപ കിട്ടും.കൃഷിച്ചെലവ് കുത്തനെ ഉയർന്നു. വൈദ്യുതി ചെലവ് വർഷത്തിൽ 12,000 രൂപയായിരുന്നത് ഇരട്ടിയായി. ഡീസൽ വിലയും കുത്തനെ കൂടി.
ജലനിരപ്പ് താഴ്ന്നതോടെ കുഴൽക്കിണറുകളിൽ കൂടുതൽ കരുത്തുള്ള പമ്പ് ആവശ്യമായി. വൈദ്യുതി ഉപയോഗവും കൂടി. വളത്തിനും കീടനാശിനിക്കും വിലകൂടി. ഒരു ബീഗ (62 സെന്റ്) ഭൂമിയിൽ ശരാശരി കൃഷിച്ചെലവ് 12,000 രൂപയിൽനിന്ന് 16,000 ആയി. നല്ല വിളവെങ്കിൽ ഒരു ബീഗയിൽനിന്ന് 60 ക്വിന്റൽ കിട്ടും. ഇപ്പോള് ഒരു ബീഗയിൽനിന്ന് പരമാവധി ലാഭം 7500 രൂപയിൽനിന്ന് 3500 രൂപയായി കുറഞ്ഞു. കരിമ്പ് കൊണ്ടുമാത്രം ഉപജീവനം സാധ്യമല്ലാതായി, കര്ഷകന് പറഞ്ഞു.
കിട്ടാനുള്ളത് 6000 കോടി
യുപിയിൽ നൂറിലേറെ പഞ്ചസാര മില്ലുണ്ട്. എല്ലാം സ്വകാര്യ മേഖലയിൽ. വില സർക്കാര് നിശ്ചയിക്കുമെങ്കിലും മില്ലുകളാണ് കരിമ്പ് സംഭരിക്കുന്നത്. മാസങ്ങൾ കഴിഞ്ഞാലും കർഷകന് പണം കിട്ടില്ല. പലപ്പോഴും പ്രക്ഷോഭങ്ങളിലേക്ക് നീങ്ങേണ്ടി വരും. കരിമ്പിനു താങ്ങുവില തീരുമാനിച്ച് സർക്കാർ സംഭരിക്കണമെന്ന ദീർഘകാല ആവശ്യം ബിജെപി സർക്കാർ ചെവിക്കൊള്ളുന്നില്ല. രണ്ട് സീസണായി യുപിയിലെ കരിമ്പ് കർഷകർക്ക് ആറായിരം കോടിയോളം രൂപ മില്ലുകളിൽനിന്ന് കിട്ടാനുണ്ട്. യുപി തെരഞ്ഞെടുപ്പ് ചർച്ചകളിൽ കരിമ്പ് വിലയും കുടിശ്ശികയുമുണ്ട്. നൂറ്റമ്പതോളം മണ്ഡലത്തിൽ കരിമ്പ് കർഷകർ നിർണായകം. രാജ്യത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് യുപി. 27.40 ഹെക്ടറിൽ കൃഷി. 2020–-21 സീസണിൽ ഉൽപ്പാദനം 22.32 കോടി ടൺ.















