സാൻ സിറോ
ലിവർപൂളിന്റെ കുതിപ്പിന് തടയിടാൻ ഇന്റർ മിലാൻ. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ഇരുടീമുകളും മുഖാമുഖം എത്തുന്നു. ഇന്ററിന്റെ തട്ടകമായ സാൻ സിറോയിലാണ് ആദ്യപാദ മത്സരം. മറ്റൊരു കളിയിൽ ബയേൺ മ്യൂണിക്ക് ആർ ബി സാൾസ്ബുർഗിനെയും നേരിടും. രാത്രി 1.30നാണ് മത്സരങ്ങൾ.
ഗ്രൂപ്പുഘട്ടത്തിൽ എല്ലാ കളിയും ജയിച്ച ടീമുകളിലൊന്നാണ് യുർഗൻ ക്ലോപിന്റെ ലിവർപൂൾ. മുന്നേറ്റത്തിലെ മുഹമ്മദ് സലാ–-സാദിയോ മാനെ–-ദ്യേഗോ ജോട്ട ത്രയമാണ് അവരുടെ കരുത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനത്താണ് ലിവർപൂൾ. ഇറ്റലിയിൽ രണ്ടാമതാണ് ഇന്റർ. അവസാന രണ്ട് കളിയിലും ജയമില്ല. എസി മിലാനോട് തോറ്റപ്പോൾ നാപോളിയുമായി സമനില വഴങ്ങി. എങ്കിലും സ്വന്തംതട്ടകത്തിൽ ലിവർപൂളിനെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണവർ. സസ്പെൻഷനിലുള്ള നികോ ബരെല്ലയുടെ അഭാവം ഇന്ററിനെ ക്ഷീണിപ്പിക്കും. സാൾസ്ബുർഗിന്റെ മൈതാനത്താണ് ബയേൺ ഇറങ്ങുന്നത്.















