ന്യൂഡൽഹി: 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ സാങ്കേതിക വിദ്യാ വ്യവസായ രംഗം തൊഴിൽ നൽകിയത് 4.5 ലക്ഷം പേർക്ക്. ആദ്യമായാണ് ഇത്രയും പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നതെന്ന് പുതിയ നാസ്കോം റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരെ ചേർക്കുന്നതിൽ 10 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
കഴിവുകൾ, സാങ്കേതികവിദ്യ, സഹകരണം, നൂതനത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ട്രില്യൺ ഡോളറിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, നാസ്കോം ചെയർപേഴ്സൺ രേഖ എം. മേനോൻ പറഞ്ഞു.
തൊഴിലാളികളിൽ മൂന്നിൽ ഒരാൾ നേരത്തെ തന്നെ ഡിജിറ്റൽ നൈപുണ്യം ആർജിച്ചവരാണ്. അല്ലാത്തവർക്കുള്ള പരിശീലനവും വൻതോതിൽ ഈ രംഗത്ത് നടക്കുന്നുണ്ട്. 2.8 ലക്ഷം പേർക്കാണ് 2022 സാമ്പത്തിക വർഷത്തിൽ സാങ്കേതിക വ്യവസായ രംഗം നൈപുണ്യ പരിശീലനം നൽകിയിട്ടുള്ളത്.
36 ശതമാനം ജീവനക്കാർ വനിതകളാണ്. ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽ വനിതകൾക്ക് ജോലി നൽകുന്ന സ്വകാര്യ മേഖലയായി ഇന്ത്യയിലെ സാങ്കേതിക രംഗം മാറി. 18 ലക്ഷത്തിലേറെ വനിതാ ജീവനക്കാർ ഈ രംഗത്തുണ്ട്.
50 ലക്ഷത്തിലേറെ തൊഴിൽ ശക്തിയുമായി ഡിജിറ്റൽ കഴിവുള്ളവരുടെ ഒരു ആഗോള ഹബ്ബായി ഇന്ത്യ മാറിയിട്ടുണ്ട്.
70 ശതമാനം സാങ്കേതികവിദ്യാ സ്ഥാപനങ്ങളും ഹൈബ്രിഡ് വർക്ക് മോഡൽ സ്വീകരിച്ച് വരികയാണ്. ആഗോള നിലവാരത്തിനൊക്കുന്ന വിർച്വൽ സ്ക്രീനിങ്, റിക്രൂട്ട്മെന്റ്, ഓൺ ബോഡിങ്, ട്രെയ്നിങ് എന്നിവ ഈ മേഖലയിലെ സാധാരണ രീതിയായി മാറിയിട്ടുണ്ട്.
Content Highlights: Indian tech industry hired record 4.5 lakh people