അബുദാബി > കവയിത്രി സുഗതകുമാരി ആദരമായി മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി കാവ്യാലാപനമത്സര’ത്തിന്റെ അബുദാബി-അൽഐൻ ചാപ്റ്റർ തല മത്സരം കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അബുദാബി കൺവീനർ വി പി കൃഷ്ണകുമാർ അധ്യക്ഷനായി.
ജൂനിയർ വിഭാഗത്തിൽ മുസഫ മേഖലയിലെ അഞ്ജലി വെത്തൂരും അബുദാബി 01 മേഖലയിലെ അനഘ സുജിലും വിജയികളായി. മുസഫ ഭവൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അഞ്ജലി . അബുദാബി ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് അനഘ .
ജൂനിയർ വിഭാഗത്തിൽ സാമിയ സുരേഷ്(അബുദാബി മലയാളി സമാജം), അരുന്ധതി ശിവകുമാർ(മദീന സായിദ്) എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ പ്രാർത്ഥന വിമൽ (കേരള സോഷ്യൽ സെന്റർ) ആദിലക്ഷ്മി രാജേഷ് (അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്റർ) എന്നിവരും വിജയിച്ചു. മഹാകവി കുമാരനാശാന്റെ കവിതകളായിരുന്നു മത്സരത്തിന് പരിഗണിച്ചത്.
അജയ്ഘോഷ്, നാസർ വിളഭാഗം, അഡ്വ. ഐഷ സക്കീർഹുസ്സൈൻ എന്നിവരായിരുന്നു വിധികർത്താക്കൾ. മലയാളം മിഷൻ അബുദാബി കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, അൽ ദഫ്റ കോർഡിനേറ്റർ പ്രേംഷാജ്, അബുദാബി 02 കോർഡിനേറ്റർ ധനേഷ് കുമാർ, ഫെഡറൽ എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ സചിൻ എന്നിവർ സംസാരിച്ചു.