തൊടുപുഴ> മുൻസർക്കാരിന്റെ കാലത്ത് കെഎസ്ഇ ബോർഡിന് നഷ്ടം വരുത്തുന്ന തീരുമാനങ്ങൾ നടപ്പാക്കിയെന്ന ചെയർമാൻ ബി അശോകിന്റെ വിമർശനത്തിന് മറുപടിയുമായി മുൻ വൈദ്യുതി മന്ത്രി എം എം മണി. താൻ മന്ത്രിയായിരിക്കെ കെഎസ്ഇ ബോർഡിൽ എല്ലാ കാര്യങ്ങളും നിയമപരമായാണ് നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നാലരവർഷമാണ് വൈദ്യുതിമന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നു.
ബോർഡ് ചെയർമാൻ എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ വൈദ്യുതിമന്ത്രി അറിഞ്ഞാണോ വിമർശനങ്ങൾ ഉന്നയിച്ചതെന്നും അറിയേണ്ടതുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡിൽ പൊലീസ് സംരക്ഷണം വേണ്ടിവന്നില്ല. ഇപ്പോൾ വൈദ്യുത ഭവനിൽ പൊലീസിനെ കയറ്റേണ്ട നിലയിൽ കാര്യങ്ങൾ എത്തി.
വൈദ്യുതിബോർഡിലെ കാര്യങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകാനാണ് ചെയർമാൻ ശ്രദ്ധിക്കേണ്ടത്. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് പറയാമെന്നും എം എം മണി വ്യക്തമാക്കി.
മുൻസർക്കാരിന്റെ കാലത്ത് കെഎസ്ഇ ബോർഡിന് ഏറെ നഷ്ടം വരുത്തുന്ന തീരുമാനങ്ങൾ നടപ്പാക്കിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെയർമാൻ ആരോപിച്ചത്.