ബംഗളൂരു
മതപരമായ വസ്ത്രം വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി കർണാടകയിലെ സ്കൂളിൽ അധ്യാപകരും ജീവനക്കാരും ചേർന്ന് ഗേറ്റിനു മുന്നിൽവച്ച് വിദ്യാർഥികളുടെ ഹിജാബ് അഴിപ്പിച്ചു. ക്ലാസിനുള്ളിൽ കയറിയാൽ ഹിജാബ് മാറ്റാമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അനുവദിച്ചില്ല. ഹിജാബ് ധരിച്ചെത്തിയ അധ്യാപകര് അടക്കം സ്കൂള് ജീവനക്കാര്ക്കും സ്കൂള് ഗേറ്റിന് മുന്നില് വച്ച് പരസ്യമായി ഹിജാബ് അഴിച്ചുമാറ്റേണ്ടിവന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഹിജാബ് അഴിക്കാൻ തയ്യാറല്ലാത്ത വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല. കുടകില് 31 വിദ്യാർഥികളും ശിവമോഗയില് 13 വിദ്യാര്ഥികളും മോഡൽ പരീക്ഷ എഴുതിയില്ല.
മാണ്ഡ്യ ജില്ലയിലെ സർക്കാർ സ്കൂളില് ഹിജാബ് മാറ്റണമെന്ന് അധ്യാപകർ ആക്രോശിച്ചത് വാക്കുതര്ക്കത്തിനിടയാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കോപ്പൽ, കലബുർഗി ജില്ലകളിലെ ചില സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ ഹിജാബും ബുർഖയും ധരിച്ച് ക്ലാസ് മുറിയിൽ പ്രവേശിച്ചെങ്കിലും അധ്യാപകർ തടഞ്ഞു.
കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്കൂളുകൾ തിങ്കളാഴ്ച തുറന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഹിജാബ് വിലക്കിയതിനെതിരായ ഹര്ജികള് വിശദ വാദത്തിനായി കര്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കഴിഞ്ഞയാഴ്ച സംഘർഷമുണ്ടായ ഉഡുപ്പി ജില്ലയിൽ 19 വരെ എല്ലാ സ്കൂളുകളുടെയും 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോളേജുകളുടെ അവധി 16 വരെ നീട്ടി.