ന്യൂഡൽഹി
ഗോവയിൽ ഹിന്ദുവോട്ടുകൾ ഭിന്നിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അവർ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കമീഷൻ ഇത് പരിശോധിക്കണമെന്നും കാൺപുരിൽ മോദി പറഞ്ഞു. ഗോവയിൽ തൃണമൂൽ–-എംജിപി(മഹാരാഷ്ട്രവാദി ഗോമന്തക് പാർടി) സഖ്യം ഹിന്ദുവോട്ടുകളുടെ ഏകോപനം തടയുമെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് വോട്ടെടുപ്പ് ദിനത്തിലെ മോദിയുടെ ആരോപണം.
ഗോവയിൽ 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചത് എംജിപിയുമായി കൂട്ടുചേർന്നാണ്. എന്നാൽ, പിന്നീട് കോൺഗ്രസിൽനിന്ന് കൂട്ടകൂറുമാറ്റം നടത്തി ബിജെപി ഭൂരിപക്ഷം ഉറപ്പാക്കി. 2019ൽ എംജിപി പ്രതിനിധിയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. ഇതോടെ ബിജെപി ബന്ധംവിട്ട എംജിപി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് തൃണമൂലുമായി കൈകോർത്തത്.