ന്യൂഡൽഹി
ക്രൈസ്തവ ദേവാലയങ്ങളുടെ ആസ്തികൾ വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിരീക്ഷണം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ സംസ്ഥാനസർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്. ബത്തേരി രൂപത സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദിനേഷ്മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. എറണാകുളം–- അങ്കമാലി അതിരൂപത ഭൂമി ഇടപാട് സംബന്ധിച്ച കേസിലാണ് ക്രൈസ്തവ ദേവാലയങ്ങളുടെ ഭൂമിയും ആസ്തികളും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന നിരീക്ഷണം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
സിറോ മലബാർ സഭയുടെ ഭൂമിഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണങ്ങൾ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്ന് ബത്തേരി രൂപത ഹർജിയിൽ ചൂണ്ടിക്കാട്ടി.