ന്യൂഡൽഹി
വർഗീയധ്രുവീകരണം മാത്രമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളുടെ ലക്ഷ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വർഗീയവിദ്വേഷ പ്രസ്താവനകൾ നടത്തിയതിന് കേസുകളിൽ പ്രതിയായ വ്യക്തിയാണ് ആദിത്യനാഥ്. അദ്ദേഹത്തിനു സമാധാനത്തെപ്പറ്റി പറയാൻ എന്താണ് അർഹത? ലൗ ജിഹാദിന്റെ പേരിലടക്കം ആളുകളെ കൊല്ലുന്നതിൽ യുപി മുന്നിലാണ്. യുപിക്കാരനായ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാർകയറ്റിക്കൊന്ന കേസിൽ പ്രതിയാണ്. യുപിയിൽ ന്യൂനപക്ഷങ്ങൾക്ക് സ്വൈരമായി ജീവിക്കാൻ കഴിയുന്നില്ല. രാഷ്ട്രീയമായി സമ്മർദത്തിലാകുമ്പോൾ ബിജെപി വർഗീയമായി വിഷയങ്ങൾ കുത്തിപ്പൊക്കും. അതിനുദാഹരണമാണ് ഹിജാബ് വിവാദമെന്നും യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു.