കണ്ണൂർ > മാതമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ കട അടച്ചുപൂട്ടിയതിന്റെ പേരിൽ മാധ്യമങ്ങൾ നടത്തുന്നത് പച്ചയായ നുണപ്രചാരണം. സമരം കാരണം രണ്ടു കടകൾ പൂട്ടിയെന്നത് തീർത്തും അടിസ്ഥാനരഹിതം. പൂട്ടിയ ഒരു കടയിലെ കയറ്റിറക്കുമായി ബന്ധപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്. അതും കടയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താതെ. രണ്ടാമത് പൂട്ടിയെന്ന് പറയുന്ന കടയിൽ ഒരു സമരവും നടന്നിട്ടില്ല. ഈ കടയുടെ ഉടമ മുസ്ലിം യൂത്ത്ലീഗ് പഞ്ചായത്ത് ഭാരവാഹിയാണ്. ഇയാളും തൊഴിലാളികളും തമ്മിൽ ഒരു തൊഴിൽ തർക്കവുമില്ല. മാതമംഗലം ടൗണിലുണ്ടായ സംഘർഷത്തിന്റെ മറവിൽ ഇയാൾ തൊഴിലാളികൾക്കെതിരെ പരാതി നൽകിയതാണ് വിഷയം. ഇതും കട തുറക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. മറ്റെന്തോ കാരണത്താൽ കടപൂട്ടിയതിനെ തൊഴിൽ സമരവുമായി കൂട്ടിക്കുഴച്ച് താറടിച്ചുകാണിക്കാനുള്ള അടവാണിത്.
ഈ സംഭവത്തെയാണ് മാധ്യമങ്ങൾ പെരുംനുണകൾ കലർത്തി തൊഴിലാളികൾക്കെതിരെ തിരിക്കുന്നത്. സിഐടിയു സമരം: രണ്ട് കടകൾ അടച്ചുപൂട്ടിയെന്ന തലക്കെട്ടിൽ ഒന്നാം പേജിൽ വാർത്ത നൽകിയ മലയാള മനോരമ അഞ്ചാം പേജിലും ഒമ്പതാം പേജിലുമെല്ലാം ഇതേ വാർത്ത ആവർത്തിച്ച് ആഘോഷിച്ചു. മാതൃഭൂമിയും മാധ്യമവും സമാനരീതിയിൽ തൊഴിലാളികൾക്കെതിരെ വാർത്ത നൽകി യഥാർഥ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്. ഞായറാഴ്ച ചാനലുകളിലെ അന്തിച്ചർച്ച അവതാരകരും സിഐടിയുവിനും സർക്കാരിനുമെതിരെ ഈ വിഷയം ആയുധമാക്കുകയായിരുന്നു.
ഈ കട തുറക്കുന്നതിനോ കയറ്റിറക്ക് നടത്തുന്നതിനോ ചുമട്ട് തൊഴിലാളികൾ ഒരു തടസവും നിന്നിട്ടില്ല. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ മാറ്റി പുറമെനിന്ന് ആളുകളെ കൊണ്ടുവന്ന് കയറ്റിറക്ക് നടത്തുന്നതിരെയാണ് സമരം.
മാതമംഗലം ടൗണിൽ മറ്റൊരു കടയിലും ഇത്തരത്തിൽ തൊഴിൽ തർക്കമില്ല. തൊഴിലാളികളും കച്ചവടക്കാരും തികച്ചും സൗഹാർദപരമായാണ് പ്രവർത്തിക്കുന്നതും. ടൗണിൽ ഐഎൻടിയുസി തൊഴിലാളികളുമുണ്ട്. സിഐടിയു സമരത്തിന് ഐഎൻടിയുസി തൊഴിലാളികളുടെ പിന്തുണയുമുണ്ട്. എന്നിട്ടും ചില കോൺഗ്രസ് നേതാക്കൾ സമരത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്.