ന്യൂഡൽഹി
ഡൽഹിയിൽ ചേരാൻ ഉദ്ദേശിക്കുന്ന ബിജെപിയിതര മുഖ്യമന്ത്രിമാരുടെ യോഗത്തിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പ്രാദേശിക കക്ഷികൾ കോൺഗ്രസുമായി നല്ല ബന്ധത്തിലല്ലെന്നും കോൺഗ്രസ് സ്വന്തം വഴിയിലാണ് നീങ്ങുന്നതെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു(കെസിആർ) എന്നിവരുമായി മമത ടെലിഫോണിൽ ആശയവിനിമയം നടത്തി.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കാനാണ് ശ്രമം.യുപിയിൽ എസ്പിക്ക് തൃണമൂൽ പിന്തുണ നൽകുന്നു. ഗോവയിൽ കോൺഗ്രസുമായി സഖ്യത്തിന് തൃണമൂൽ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മേഘാലയയിൽ തൃണമൂലിനെ ചെറുക്കാൻ കോൺഗ്രസ് നിയമസഭാകക്ഷി ഒന്നടങ്കം ബിജെപി സഖ്യത്തിനൊപ്പം ചേർന്നു, മമത ചൂണ്ടിക്കാട്ടി.
ഒന്നിച്ചു നില്ക്കാന് സ്റ്റാലിന്
ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന അധികാരദുർവിനിയോഗത്തിലും ഭരണഘടനാപരിധി വിട്ടുള്ള പ്രവർത്തനങ്ങളിലും ആശങ്കയും രോഷവും അറിയിച്ച് ബംഗാൾ മുഖ്യമന്ത്രിവിളിച്ചതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. പ്രതിപക്ഷകക്ഷികളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഉടൻ ഡൽഹിയിൽ ചേരുമെന്നും സ്റ്റാലിൻ അറിയിച്ചു. മമത വൈകാതെ ഹൈദരാബാദ് സന്ദർശിച്ചേക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഉടൻ കാണുമെന്നും തെലങ്കാന മുഖ്യമന്ത്രി കെസിആർ പറഞ്ഞു.
ആർജെഡി നേതാക്കൾ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ഈയിടെ തെലങ്കാനയിലെത്തി കെസി ആറുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനുമായും അടുത്തിടെ കെസിആര് ചർച്ച നടത്തി.