ബംഗളൂരു
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിന് നിയമമില്ലെന്ന് കർണാടക ഹൈക്കോടതിയിൽ വിദ്യാർഥികൾ വാദിച്ചു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് കീഴിലാണ് ഹിജാബ് ധരിക്കാനുള്ള അവകാശമെന്നും ഇത് വിലക്കാൻ കോളേജ് വികസന സമിതിക്ക് അധികാരമില്ലെന്നും വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി.
എന്നാൽ, കാതലായ മതപരമായ ആചാരങ്ങള് പൊതുക്രമത്തിന് ഹാനികരമോ വിരുദ്ധമോ ആണെങ്കില് അനുച്ഛേദം 25 (1) പ്രകാരം അവയെ നിയന്ത്രിക്കാം. ഹിജാബ് ധരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽപ്പോലും യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അവകാശമുണ്ടെന്ന് കാമത്ത് ചൂണ്ടിക്കാട്ടി.
അതിനിടെ, ഹിജാബ് വിലക്കിനെതിരെ നിയമസഭയുടെ സംയുക്ത സമ്മേളനത്തില് പ്രതിപക്ഷ എംഎല്എമാര് പ്രതിഷേധിച്ചു. ഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കറുത്ത ബാന്ഡ് അണിഞ്ഞായിരുന്നു പ്രതിഷേധം.