തിരുവനന്തപുരം > ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി ഹരി എസ് കർത്തയെ നിയമിക്കാനുള്ള രാജ്ഭവന്റെ ശുപാർശ ശക്തമായ വിയോജിപ്പോടെ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കുന്ന പതിവില്ല. ഹരി എസ് കർത്തയുടെ നിയമനം ഗവർണറുടെ താൽപ്പര്യപ്രകാരം മാത്രമാണെന്നും നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും സർക്കാർ രാജ്ഭവനെ അറിയിച്ചു. പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലാണ് ഇക്കാര്യം വ്യക്തമാക്കി രാജ്ഭവന് കത്ത് നൽകിയത്.
ആർഎസ്എസ് സൈദ്ധാന്തികനായ ഹരി എസ് കർത്തയെ ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റയുടൻ പ്രസ്സെക്രട്ടറിയായി രാജ്ഭവനിൽ നിയമിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ പ്രസ് സെക്രട്ടറി പിആർഡിയിൽനിന്ന് മതിയെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഹരി എസ് കർത്ത പഠന കാലത്ത് എബിവിപിയിലൂടെയാണ് ആർഎസ്എസുമായി അടുത്തത്. ജന്മഭൂമിയിൽ ലേഖകനായിരുന്ന അദ്ദേഹം ഏഴുവർഷം ചീഫ് എഡിറ്ററുമായിരുന്നു. പി എസ് ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവർ ബിജെപി പ്രസിഡന്റായിരിക്കെ മീഡിയ വിഭാഗം ചുമതല വഹിച്ചു. കെ സുരേന്ദ്രൻ പ്രസിഡന്റായി വന്നപ്പോഴും ഏതാനും മാസംമുമ്പ് വരെ മീഡിയ ചുമതലക്കാരനായിരുന്നു.