പാലക്കാട്: മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒപ്പം മല കയറിയ വിദ്യാർഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മലയിൽ കൂടുതൽ ആളുകൾ കയറാനെത്തുന്നതിന് പിന്നാലെയാണ് നടപടി.
വനം മന്ത്രിയും റവന്യു മന്ത്രിയുമടക്കം ബാബുവിന് നൽകിയ ഇളവുകൾ മറ്റാർക്കും നൽകില്ലെന്ന രീതിയിലാണ് ഇന്ന് രാവിലെ പ്രതികരിച്ചത്. ബാബുവിന് എതിരെ കേസെടുക്കില്ല എന്നുതന്നെയാണ് ഇന്ന് രാവിലെ നടന്ന ഉന്നതതല യോഗത്തിലും ധാരണയായത്. എന്നാൽ ബാബുവിനെതിരെ കേസെടുക്കാതിരിക്കുമ്പോൾ മറ്റ് ആളുകളും ഇതേ മാതൃകയിൽ നിയമലംഘനം നടത്തുകയാണ്. ഇന്നലെ രാത്രിയിലും ചേറാട് മലയിൽ കൂടുതൽ ആളുകളെ കണ്ടതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വനം-പരിസ്ഥിതി സ്നേഹികളുൾപ്പടെയുള്ളവർ സംഭവത്തിൽ കേസെടുക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. വനത്തിൽ അതിക്രമിച്ച് കയറിയാൽ നിർബന്ധമായും കേസെടുക്കണമെന്ന രീതിയിൽ അവർ ദേശീയ തലത്തിൽ ഒരു കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വാളയാർ റെയ്ഞ്ച് ഓഫീസർ ബാബുവിനും കൂടെ വനത്തിലേക്ക് പോയ വിദ്യാർഥികൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
വനമേഖലയിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരളാ ഫോറസ്റ്റ് ആക്ട് 27 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെറിയ പിഴയൊടുക്കിയാൽ കേസിൽ നിന്ന് മോചിതരാകാവുന്ന കുറ്റമാണിത്.കേസെടുക്കില്ലെന്ന് കരുതി അനുമതിയില്ലാതെ ആരും മലയിലേക്ക് പോകരുതെന്ന് ബാബു പറഞ്ഞു.
Content Highlights:forest department registered case against babu for tresspassing into forest