സാംസങ് പുറത്തിറക്കിയ ഏറ്റവും പുതിയ ഗാലക്സി എസ് 22 പരമ്പര ഫോണുകൾക്ക് ഇന്ത്യയിൽ വൻ വിലയായിരിക്കുമെന്ന് റിപ്പോർട്ട്. 75000 രൂപ മുതൽ 110000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഗാലക്സി എസ്21 5ജിയ്‍ക്ക് 1.05999 രൂപയായിരുന്നു വില.
പുതിയ ഫോണുകളുടെ വിലയും ഓഫറുകളും ഈ ആഴ്ച തന്നെ കമ്പനി പ്രഖ്യാപിക്കും.
സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറാണ് ഇത്തവണ ഗാലക്സി എസ്22 പരമ്പരയിൽ ഉപയോഗിച്ചിരിക്കുന്നത്. ഗാലക്സി എസ് 21 പരമ്പരയിൽ എക്സിനോസ് 2100 ചിപ്പ് സെറ്റ് ആയിരുന്നു.
ഗാലക്സി എസ്22 പരമ്പര ഫോണുകൾക്ക് 75000 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 12 അധിഷ്ഠിത വൺ യുഐ 4.0 എന്നിവയോടുകൂടിയെത്തുന്ന ഗാലക്സി എസ്22 അൾട്ര ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ, ബർഗ്ണ്ടി നിറങ്ങളിൽ വിപണിയിലെത്തും. 128 ജിബി, 256ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 8 ജിബി മുകൽ 12 ജിബി വരെ റാം ശേഷിയുണ്ട്.
6.1 ഇഞ്ച് വലിപ്പമുള്ള ഗാലക്സി എസ് 22, 6.6 ഇഞ്ച് വലിപ്പമുള്ള ഗാലക്സി എസ്22 പ്ലസ് ഫോണുകൾ ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ, പിങ്ക് ഗോൾഡ് നിറങ്ങളിൽ വിൽപനയ്ക്കെത്തും. 128 ജിബി 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും എട്ട് ജിബി റാമുമാണ് ഇതിനുള്ളത്.
1999 രൂപ ടോക്കൻ നൽകി ഇന്ത്യക്കാർക്ക് ഗാലക്സി എസ് 22 പരമ്പര ഫോണുകളും ഗാലക്സി ടാബ് എസ്8 പരമ്പര ടാബ് ലെറ്റുകളും നേരത്തെ റിസർവ് ചെയ്‌യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. റിസർവ് ചെയ്‌യുന്നവർക്ക് 2699 രൂപയുടെ ഗാലക്സി സ്മാർട് ടാഗ് സൗജന്യമായി ലഭിക്കും.