മനാമ > ബഹ്റൈനിലെ ആദ്യ ഗോള്ഡന് വിസ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്മാനുമായ എംഎ യൂസഫലിക്ക്. പത്തുവര്ഷ കാലാവധിയുള്ളതാണ് ഗോള്ഡന് വിസ.
ഗുദൈബിയ കൊട്ടാരത്തില് ചേര്ന്ന ബഹ്റൈന് മന്ത്രിസഭാ യോഗമാണ് ആദ്യ ഗോള്ഡന് വിസ 001 നമ്പറില് എംഎ യൂസഫലിക്ക് നല്കാന് തീരുമാനിച്ചത്. പ്രതിഭകളെ ആകര്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥ ഉയര്ത്തുന്നതിനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കല് പദ്ധതിയുടെ ഭാഗമാണ് ഗോള്ഡന് റെസിഡന്സി വിസ.
ഈ ബഹുമതി അഭിമാനകരമാണെന്നും രാജാവ് ഹമദ് ബിന് ഇസ അല് ഖലീഫക്കും പ്രധാനമന്ത്രിയും കിരീടവകാശിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫക്കും ബഹ്റൈന് സര്ക്കാരിനും നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.
ഗോള്ഡന് വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്റെ പ്രതിച്ഛവയ വര്ധിപ്പിക്കും. പുതിയ നിക്ഷേപകരെ ആകര്ഷിക്കുകയും നിലനിര്ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനില് എത്തിയ എംഎ യൂസഫലി രാജാവ് ഹമദ് ബിന് ഇസ അല് ഖലീഫ, പ്രധാനമന്ത്രിയും കിരീടവകാശിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.