കൊച്ചി: വധഗൂഢാലോചനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള കേസ് സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ മന:പൂർവം തന്നെ വേട്ടയാടുകയാണെന്നും ഇതേകേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് തന്നോട് എന്തോ വ്യക്തിവൈരാഗ്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നുമാണ്ഇപ്പോൾ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതിനിരീക്ഷിച്ചിരുന്നു. ഇത് തങ്ങളുടെ വാദം ശരിവെക്കുന്നതാണെന്നും ദിലീപ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഡലോചനയ്ക്ക് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
നേരത്തെ ഫെബ്രുവരി ഏഴിന് ദിലീപ് അടക്കമുള്ള പ്രതികൾക്ക് വധഗൂഢാലോചന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. വധ ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Content Highlights : Conspiracy case is fabricated says Dileep as he moves petition to quash the case