മസ്കത്ത് > ഷഹീന് ചുഴലിക്കാറ്റില് പാസ്പോര്ട്ടുകള് നഷ്ടപ്പെട്ടവര്ക്ക് സൗജന്യമായി പാസ്പോര്ട്ട് അനുവദിക്കുമെന്ന് ഒമാനിലെ ഇന്ത്യന് അംബാസഡര് അമിത് നാരംഗ് അറിയിച്ചു. രണ്ട് മാസത്തിനകം ഈ പ്രവര്ത്തനം പൂര്ത്തീകരിക്കേണ്ടതിനാല് എത്രയും പെട്ടെന്ന് അപേക്ഷ ഇന്ത്യന് എംബസി അധികൃതര്ക്ക് സമര്പ്പിക്കണം.
ഷഹീന് ചുഴലിക്കാറ്റില് പെട്ടവര്ക്ക് സൗജന്യപാസ്പോര്ട്ട് നല്കുമെന്ന് നേരത്തെ ഇന്ത്യന് എംബസി ഉറപ്പ് നല്കിയിരുന്നു. എന്നാല് ഇതു സംബന്ധിച്ച നടപടികള് അനിശ്ചിതമായി നീണ്ടു. പുതിയ അംബാസഡര് ചുമതലയേറ്റശേഷം നവംബര് 19ന് നടന്ന ആദ്യ ഓപ്പണ് ഹൗസില് കൈരളി ഒമാന് ഈ വിഷയം ഉന്നയിച്ചു. തുടര്ന്ന് അപേക്ഷകളും ലിസ്റ്റും സമര്പ്പിക്കാന് അംബാസഡര് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് കൈരളി ഒമാന് ജനറല് സെക്രട്ടറി ബാലകൃഷ്ണന്റെയും കേരള വിഭാഗം കണ്വീനര് സന്തോഷ് കുമാറിന്റെയും നേതൃത്വത്തില് കൈരളി സെക്രട്ടറിയേറ്റ് അംഗങ്ങളായ രാമചന്ദ്രന്, സുനില്കുമാര്, റെജു മരക്കാത്ത് എന്നിവര് ചേര്ന്ന് 61 പേരുടെ ലിസ്റ്റും പൂരിപ്പിച്ച അപക്ഷകളും നവംബര് 30 ന് എംബസ്സിയില് സമര്പ്പിച്ചു. തുടര് നടപടികള്ക്ക് കാലതാമസം വന്നതിനെ തുടര്ന്ന് എളമരം കരിം എം പിയെ കൈരളി ഭാരവാഹികള് ബന്ധപ്പെടട്ടു. ഇതേതുടര്ന്ന് എളമരം കരീം എംപി കഴിഞ്ഞ ഫെബ്രുവരി നാലിന് രാജ്യസഭയില് വിഷയം സബ്മിഷനായി ഉന്നയിച്ചു. ഇതേതുടര്ന്നാണ് ഇപ്പോള് പാസ്പോര്ട്ട് സൗജന്യമായി പുതുക്കി നല്കാനുള്ള നടപടികള് ഉണ്ടായത്.
ബാത്തിനയിലെ ജനങ്ങളോടൊപ്പം നിന്ന് ഈ കാര്യം നേടിയെടുത്തതില് കൈരളിയോടും കേരള വിഭാഗത്തിനോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി ബാത്തിനയിലെ സാമൂഹ്യ പ്രവര്ത്തകനും കൈരളി സെക്രട്ടറിയേറ്റ് അംഗവുമായ രാമചന്ദ്രന് അറിയിച്ചു.