തിരുവനന്തപുരം
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. 21 മുതൽ ക്ലാസുകൾ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വൈകിട്ടുവരെയാക്കും. ഇതിന് മാർഗരേഖ പുതുക്കി പ്രസിദ്ധീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂളുകൾ സാധാരണ നിലയിലുള്ള ടൈംടേബിൾ അനുസരിച്ച് ക്ലാസ് ക്രമീകരിക്കണം. 28 മുതലാണ് പൂർണസമയ ക്ലാസ് തുടങ്ങാൻ ആലോചിച്ചിരുന്നത്. പഠനത്തിന് കൂടുതൽ സമയംലഭ്യമാക്കാൻ ഒരാഴ്ച മുമ്പേ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങൾക്കും തീരുമാനം ബാധകമാണ്.
ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാകും ക്ലാസുകൾ. 10, 11, 12 ക്ലാസും 19 വരെ നിലവിലുള്ളതുപോലെ തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ബുധനാഴ്ച തന്നെ ആരംഭിക്കും.
പ്രീ പ്രൈമറിയും അങ്കണവാടിയും ഇന്നുമുതൽ
ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറക്കാൻ അനുമതി ലഭിച്ചതിനാൽ പൊതുവിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. വെള്ളിവരെ ഓരോ ദിവസവും പകുതി കുട്ടികളെ ഉൾപ്പെടുത്തി ക്ലാസെടുക്കാം. അങ്കണവാടികളും തുറക്കും
ശനി പ്രവൃത്തിദിനം
പൊതു അവധിയല്ലാത്ത എല്ലാ ശനിയും സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. വാർഷിക പരീക്ഷ എല്ലാവർക്കുംഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ നടത്തും. തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.