പനാജി
ഗോവയിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ കോഴവാങ്ങുന്നതിനെപ്പറ്റി ചർച്ചചെയ്യുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ സ്വകാര്യ ചാനൽ പുറത്തുവിട്ടു.
തെരഞ്ഞെടുപ്പിനുശേഷം ആവശ്യമെങ്കിൽ പാർടി മാറാമെന്നും പണം വാങ്ങാമെന്നും ഇവർ സംസാരിക്കുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. ബിസിനസ് സാധ്യതകൾ, മറ്റ് നേട്ടങ്ങൾ, കോടിക്കണക്കിന് പണം തുടങ്ങിയവയും ചർച്ച ചെയ്യുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സാവിയോ ഡിസിൽവ, അവെർട്ടാനോ ഫുർത്താഡോ, സങ്കൽപ് അമോങ്കർ, ടിഎംസിയുടെ ചർച്ചിൽ അലെമാവോ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥാനാർഥികളെ രാഹുൽ ഗാന്ധി നേരിട്ടെത്തി ആരാധനാലയങ്ങളിലെത്തിച്ച് കൂറുമാറില്ലെന്ന് സത്യം ചെയ്യിച്ചിരുന്നു. വീഡിയോ പുറത്തുവന്നതോടെ, തെരഞ്ഞെടുപ്പിൽ ജയിച്ചാലും സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെടുമെന്ന പഴി വീണ്ടും ചർച്ചയായി.
എന്നാൽ, കൃത്രിമ വീഡിയോ ഉപയോഗിച്ച് പോളിങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് ആം ആദ്മി പാർടിയും ബിജെപിയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസിന്റെ പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അന്വേഷണത്തിന് ഉത്തര*വിട്ടു.