സഹരൻപ്പുർ
യുപിയിലെ സഹരൻപ്പുർ നഗരത്തിലെ ഗുരുദ്വാരാ റോഡിലെ കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് ആളില്ലാതെ അടഞ്ഞുകിടക്കുകയാണെങ്കിലും തൊട്ടപ്പുറത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സജീവം. ഡിസിസി വൈസ്പ്രസിഡന്റ് അശോക് ജെയിൻ, യൂത്ത് കോൺഗ്രസ് നേതാവ് ഗുർജിത്ത് വാലിയ തുടങ്ങിയവർ അവസാനഘട്ട പ്രചാരണ തിരക്കുകളിലാണ്. ജില്ലയിലെ പ്രധാന നേതാവ് ചന്ദ്രജിത്ത് സിങ് വാലിയയുടെ ഭാര്യ സുഖ്വീന്ദർ കൗർ ആണ് കോൺഗ്രസ് സ്ഥാനാർഥി.
വിഭജന കാലഘട്ടത്തിൽ പാകിസ്ഥാനിൽനിന്ന് പലായനം ചെയ്തെത്തിയ ഒരു ലക്ഷത്തോളം പഞ്ചാബി വോട്ടർമാർ ഇവിടെയുണ്ട്. ഇവരുടെ പിന്തുണ സിഖ് പഞ്ചാബിയായ സുഖ്വീന്ദറിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗുർജിത്ത് വാലിയ പറഞ്ഞു. ഒന്നര ലക്ഷത്തോളം ന്യൂനപക്ഷ വോട്ടർമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. കോൺഗ്രസ് സാന്നിധ്യം ബിജെപിക്കല്ലേ ഗുണം ചെയ്യുകയെന്ന ചോദ്യത്തിന് ബിജെപിയും കോൺഗ്രസും തമ്മിലാണ് പോരാട്ടമെന്നും വാലിയ അവകാശപ്പെട്ടു.
2014ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജീവ് ഗുമ്പർ ജയിച്ചിരുന്നു. അന്ന് എസ്പിയും കോൺഗ്രസും ബിഎസ്പിയും ഒറ്റയ്ക്കാണ് മത്സരിച്ചത്. 2017ൽ എസ്പിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചപ്പോൾ ബിജെപി തോറ്റു. അയ്യായിരം വോട്ടിന് എസ്പിയുടെ സഞ്ജയ് ഗാർഗ് ജയിച്ചു.
ഇക്കുറിയും ഗുമ്പറും ഗാർഗും തമ്മിലാണ് മത്സരം. കോൺഗ്രസിന്റെ ഒറ്റയ്ക്കുള്ള മത്സരം ജയത്തിന് വഴിയൊരുക്കുമെന്ന്- പ്രാദേശിക ബിജെപി നേതാവ് ഗൗരവ് പറഞ്ഞു.
ജില്ലയിലെ പല സീറ്റുകളിലെയും കോൺഗ്രസ്, ഒവെയ്സി സാന്നിധ്യം ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ദാവൂദ് ഖാൻ പറഞ്ഞു. ആദിത്യനാഥ് സർക്കാരിനെതിരായി ജനവികാരം ശക്തമാണ്. കർഷക സമരവും വോട്ടർമാരുടെ ചിന്താഗതിയിൽ മാറ്റമുണ്ടാക്കി. എന്നാൽ, കോൺഗ്രസിന്റെയും ഒവെയ്സിയുടെയും സാന്നിധ്യം ബിജെപി വിരുദ്ധ വോട്ടുകളിൽ വിള്ളലുണ്ടാക്കും. എസ്പി സ്ഥാനാർഥികളുടെ വിജയത്തിനായി സിപിഐ എം സജീവമായി പ്രചാരണരംഗത്തുണ്ടെന്ന്- ദാവൂദ് പറഞ്ഞു.