ന്യൂഡൽഹി> എസ്എഫ്ഐ ഹെല്പ്പ് ഡെസ്ക്കിനെതിരെ ബ്രോക്കർമാരുടെ ആക്രമണം. നോർത്ത് ഡൽഹിയിൽ കമ്മീഷനില്ലാതെ വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരുക്കാനായി എസ്എഫ്ഐ നടത്തിയ ഹെൽപ്പ് ഡെസ്ക്കിന് നേരെയാണ് ബ്രോക്കർമാർ ആക്രമണം അഴിച്ച് വിട്ടത്. വിദ്യാർഥികളെ സഹായിക്കാനായി തയ്യാറാക്കിയ ഹെൽപ്പ് ഡെസ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്രോക്കർമാർ രംഗത്തെത്തുകയായിരുന്നു. അതിന് തയ്യാറാവാതിരുന്നതോടെ കയ്യേറ്റത്തിലേക്ക് കടന്നു. പൊലീസ് ഇടപ്പെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ അശാസ്ത്രീയവും ആസൂത്രണമില്ലാത്തതുമായ തീരുമാനങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. ഒരാഴ്ചയ്ക്കകം ക്ലാസുകള് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിപ്പ് വന്നതോടെ താമസ സൗകര്യം കണ്ടെത്തുന്നതിനെത്തിയ വിദ്യാർഥികളിൽ നിന്ന് ഭീമമായ പണം ബ്രോക്കർമാർ ഈടാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്കായി എസ്എസ്ഐയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചത്.
2.5 ലക്ഷത്തിനടത്ത് വിദ്യാർഥികൾ പഠിക്കുന്ന ഡൽഹി സർവകലാശാലയിൽ 60 ശതമാനം പേരും പുറത്ത് നിന്നുള്ള വിദ്യാർഥികളാണ്. ഇതിൽ 6000 പേർക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്. ബാക്കിവരുന്ന ബഹുഭൂരിക്ഷം വിദ്യാർഥികൾക്കും താമസസൗകര്യം കണ്ടെത്താനായി ബ്രോക്കർമാരെ ആശ്രയിക്കേണ്ടിവരുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലത്ത് സാധാരണക്കാരായ വിദ്യാർഥികൾക്ക് ബ്രോക്കർമാരുടെ കമ്മീഷൻ പണം താങ്ങാൻ പറ്റുന്നതിനുമപ്പുറമാണ്. വർധിച്ച വാടകയും ബ്രോക്കർ കമ്മീഷനും വാങ്ങി കഴിയുന്ന ഭൂവുടമകൾക്കുർക്കുമെതിരായ പോരാട്ടത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും എസ്എഫ്ഐ പോരാട്ടം തുടരുമെന്നും നോർത്ത് ഡൽഹി കൺവീനർ സൂരജ് ഇളമണ് പറഞ്ഞു