കോഴിക്കോട്> ഐ എന് എല് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഐ എന് എല് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എ പി അബ്ദുള് വഹാബ്. പാര്ട്ടിക്കകത്തെ അഭിപ്രായ ഭിന്നതയുടെ കാര്യത്തില് മധ്യസ്ഥരുണ്ടാക്കിയ ഒത്തുതീര്പ്പ് വ്യവസ്ഥകളെ മാനിക്കുകയോ ഇരു വിഭാഗത്തെയും കേള്ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുന്നെന്ന് അദ്ദേഹം പറഞ്ഞു.
പാര്ട്ടിയിലെ പ്രശ്നങ്ങള് ചര്ച്ച ചെയ്യാനും പരിഹാരം കാണാനും ഇരു വിഭാഗത്തില് നിന്നും അഞ്ചു പേര് വീതമുള്ള ഒരു അനുരജ്ഞന സമിതിയെ മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില് തെരഞ്ഞെടുത്തിരുന്നു. ഈ സമിതിയെ വിളിച്ചു ചേര്ക്കാനും ഉള്ളു തുറന്ന ചര്ച്ച നടത്താനുമുള്ള നിര്ദ്ദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായത്. അഖിലേന്ത്യാ നേതൃത്വം അവരുടെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലാതെ സംസ്ഥാന വിഷയങ്ങളില് അഖിലേന്ത്യാ കമ്മിറ്റി ഇടപെടരുതെന്ന് പോലും മദ്ധ്യസ്ഥ വ്യവസ്ഥയിലുണ്ടെന്നിരിക്കെ അഖിലേന്ത്യാ കമ്മറ്റിയുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണ്.
സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവര്ത്തകരും ഈ തീരുമാനത്തിനെതിരാണ്. ദേശീയ കമ്മിറ്റിയെക്കൊണ്ട് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന് മാസങ്ങളായി ഒരു വിഭാഗം നടത്തി വരുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളത്. ഇതംഗീകരിക്കുന്ന പ്രശ്നമേയില്ല. ഇടത് പക്ഷ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തേണ്ട ഒരു ഘട്ടത്തില് അതിനെ തുരങ്കം വെക്കുന്ന തരത്തില് ആരിടപെട്ടാലും അതിനെ ചോദ്യം ചെയ്യും. ഇടത് പക്ഷത്തോടൊപ്പം ഉറച്ച് നിന്നു കൊണ്ട് പാര്ട്ടി ശക്തമായി മുന്നോട്ട് പോകും. സംസ്ഥാന സമിതി വിളിച്ചു ചേര്ത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.