സൗദി> സൗദി അറേബ്യയിൽ സ്വകാര്യ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ളള കാലാവധി ഫെബ്രുവരി 16ന് അവസാനിക്കും. നിശ്ചിത കാലയളവിനുള്ളിൽ പദവി ശരിയാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാവും. കനത്ത ശിക്ഷയും ചുമത്തും.
പദവി ശരിയാക്കാനുള്ള കാലാവധി അവസാനിക്കുന്നതോടെ ബിനാമി സ്ഥാപനങ്ങൾ അനധികൃതമായി മാറും. അതിന് ശേഷം ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്നുമാണ് ബിനാമി വിരുദ്ധ ദേശീയ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
ഇനിയും പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വേഗത്തിൽ തിരുത്തൽ ആഭ്യർഥനകൾ സമർപ്പിക്കാനും തിരുത്തൽ കാലയളവിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ആവശ്യപ്പെട്ടു. തങ്ങളുടെ പദവികൾ തിരുത്താൻ ആഗ്രഹിക്കുന്നവരെ സേവിക്കാൻ ചേംബർ ഓഫ് കൊമേഴ്സ് വിവിധ യൂണിറ്റുകൾ അനുവദിക്കുച്ചിട്ടുണ്ടെന്നും പദവികൾ ശരിയാക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷകരെ സ്വീകരിക്കാൻ 20 യൂണിറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ചൂണ്ടിക്കാട്ടി.