കൊച്ചി > കലൂർ പാവക്കുളം ക്ഷേത്രത്തിനുമുന്നിൽ കാറിടിച്ച് മാലിന്യശേഖരണത്തൊഴിലാളി മരിച്ച കേസിലെ പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് വിൽപ്പനസംഘത്തിലുള്ളവരാണോ പ്രതികളെന്നതും പരിശോധിക്കുന്നു.
അപകടസമയത്ത് കാറിലുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി.
ഒരാളുടെ മൊഴി നേരത്തേ എടുത്തിരുന്നു. കാർ ഓടിച്ചിരുന്ന എരൂർ അരഞ്ഞാണിൽ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്ട് നഗർ പെരുമ്പിള്ളിൽ സോണി സെബാസ്റ്റ്യൻ (25) എന്നിവർക്കെതിരെ, പെൺകുട്ടികളിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് എടുത്തിരുന്നു. കൂടാതെ, മനപ്പൂർവമല്ലാത്ത നരഹത്യക്കും ലഹരിമരുന്ന് കൈവശം വച്ചതിനും ഇവർക്കെതിരെ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറിൽനിന്ന് കഞ്ചാവുബീഡികളും ലഹരിമരുന്നും കണ്ടെടുത്തിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു അപകടം. കാറിടിച്ച് തലയ്ക്ക് പരിക്കേറ്റ കടവന്ത്ര ഗാന്ധിനഗർ ഉദയാകോളനി വിജയനാണ് (40) മരിച്ചത്. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ എളമക്കര കൊല്ലാട്ട് രാജശേഖരൻ (63) എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്.