ന്യൂഡൽഹി> കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന അമേരിക്കൻ വിമർശം തള്ളി കേന്ദ്രസർക്കാർ. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ‘പ്രേരണയുടെ’ അടിസ്ഥാനത്തിലുള്ള അഭിപ്രായം സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയുടെയും ജനാധിപത്യമൂല്യങ്ങളുടെയും ഭരണക്രമത്തിന്റെയും അടിസ്ഥാനത്തിലാണ് വിഷയം പരിഹരിക്കുക. ഇന്ത്യയെ അറിയുന്നവർക്ക് യാഥാർഥ്യം ബോധ്യപ്പെടും. വിഷയം കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബാഗ്ചി പ്രതികരിച്ചു. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ സ്ഥാനപതി റഷാദ് ഹുസൈനാണ് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടത്.
ഇത് സ്ത്രീകളോടുള്ള വിവേചനവും ഇവരെ പാർശ്വവൽക്കരിക്കുന്നതുമാണ്. മതസ്വാതന്ത്ര്യം എന്നത് മതപരമായ വേഷം ധരിക്കാനാകുന്നതു കൂടിയാണെന്നും- ഹുസൈൻ ട്വീറ്റ് ചെയ്തു. മതസ്വാതന്ത്ര്യത്തിൽ ആശങ്കാജനകമായ സ്ഥിതി നിലനിൽക്കുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ സർക്കാരിന്റെ മതസ്വാതന്ത്ര്യ കമീഷൻ രണ്ട് വർഷമായി ആവശ്യപ്പെടുന്നു. വിഷയത്തിൽ പാകിസ്ഥാൻ ബുധനാഴ്ച ഇന്ത്യയുടെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു.
ഇസ്ലാമോഫോബിയ ഇന്ത്യയിൽ ഏറ്റവും മാരക രൂപത്തിലെത്തിയെന്ന് പ്രമുഖ സാമൂഹ്യചിന്തകൻ പ്രൊഫ. നോം ചോംസ്കി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുസ്ലിങ്ങൾ മതപീഡനം നേരിടുന്നവരായെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ്വിലക്ക് ഭീകരമാണെന്ന് നൊബേൽ സമ്മാനജേതാവ് മലാല യൂസഫ്സായ് പ്രതികരിച്ചു.