മട്ടാഞ്ചേരി> ഫോര്‍ട്ട് കൊച്ചിയില്‍ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയല്‍രേഖയും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും കാമുകനും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി മംഗലത്തുപറമ്പില്‍ റിന്‍സീന (29), കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാന് (25) എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി കമീഷണര്‍ വി യു കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചശേഷം, അവിടെനിന്ന് ശീതളപാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നുപറഞ്ഞ് മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിമുറിയിലേക്ക് ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ടശേഷം പണവും തിരിച്ചറിയല്‍രേഖയും തട്ടിയെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിട്ടയച്ചു. ഹണിട്രാപ്പ് മോഡല്‍ തട്ടിപ്പാണ് പ്രതികള്‍ ഉദ്ദേശിച്ചതെങ്കിലും ലോഡ്ജ് ഉടമയും സുഹൃത്തും വഴങ്ങാതായതോടെയാണ് ശീതളപാനീയത്തില്‍ മായംകലര്‍ത്തി നല്‍കിയെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ലോഡ്ജ് ഉടമ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ലോഡ്ജ് ഉടമ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ വി ജി രവീന്ദ്രനാഥിന് പരാതി നല്‍കിയത്. 24 മണിക്കൂറിനകം പൊലീസ് പ്രതികളെ പിടികൂടി. ജനുവരി ഇരുപത്തഞ്ചിനാണ് പ്രതികള്‍ ലോഡ്ജില്‍ മുറിയെടുത്തത്. 31ന് ആശുപത്രിയില്‍ അഡ്മിറ്റായി. പിറ്റേന്നാണ് ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും ആശുപത്രിയിലേക്ക് വരുത്തിയത്. 11,000 രൂപയാണ് തട്ടിയെടുത്തത്. എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും താമസമൊരുക്കുന്ന സ്ഥാപനത്തിന്റെ ഉടമയെയും ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥരായ മട്ടാഞ്ചേരി അസിസ്റ്റന്റ് കമീഷണര്‍ വി ജി രവീന്ദ്രനാഥ്, പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ സാബു എന്നിവര്‍ പറഞ്ഞു.
പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തും. കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കും. എസ്ഐമാരായ ഒ ജെ ജോര്‍ജ്, മധുസൂദനന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ ബിജു, എഡ്വിന് റോസ്, കെ എ അനീഷ്, എ ടി കര്‍മിലി എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.