ബംഗളൂരു> കർണാടകത്തിൽ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ സംഘർഷത്തിലും കല്ലേറിലുമായി മൂന്നുപേർക്ക് പരിക്കേറ്റു. ബിദറിൽ നഴ്സിങ് വിദ്യാർഥികളെ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെതിരെ വിദ്യാർഥിനികൾ കോളജിന് മുന്നിൽ പ്രതിഷേധിച്ചു.
സൗത്ത് ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ഹിജാബ് മാറ്റാൻ സ്കൂൾ അധ്യാപിക ആവശ്യപ്പെട്ടതിനെത്തുടർന്ന് ബംഗളൂരുവിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. ദക്ഷിണ കന്നട ജില്ലയിലെ കഡബ താലൂക്കിലെ അൻകദഡക്കയിലെ ഗവ. ഹയർ പ്രൈമറി സ്കൂളിൽ മുസ്ലിം വിദ്യാർഥികൾക്ക് ജുമ പ്രാർഥന നടത്താൻ അനുമതി നൽകിയതിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു.
കോളേജുകൾ 16വരെ തുറക്കില്ല
ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും 16വരെ സംസ്ഥാനത്തെ പിയു, ഡിഗ്രി, ഡിപ്ലോമ കോളേജുകൾ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും കേസിൽ വാദം കേൾക്കും. ഉഡുപ്പി, ദക്ഷിണ കന്നട, വിജയപുര, ധാർവാഡ്, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.