ദേവ്ബന്ദ്> ഉത്തർപ്രദേശിലെ സഹരൻപുരിൽനിന്ന് ദേവ്ബന്ദിലേക്ക് എത്തുമ്പോൾ റഷീദിയ പള്ളിയിലെ പടുകൂറ്റൻ മാർബിൾ താഴികക്കുടവും തൊട്ടുപിന്നിൽ വൃത്താകൃതിയിലുള്ള ലൈബ്രറിയും സുന്ദരകാഴ്ചയാണ്. ദേവ്ബന്ദ് പട്ടണത്തെ ആഗോളപ്രശസ്തമാക്കുന്ന ദാറുൾ ഉലുമിനോടു ചേർന്നാണ് പള്ളി. ഈജിപ്തിലെ അൽ അസറിനൊപ്പം ഇസ്ലാമിക വിശ്വാസികൾ പ്രാധാന്യം കൽപ്പിക്കുന്ന മതപഠന കേന്ദ്രമാണ് 1866ൽ സ്ഥാപിതമായ ദാറുൾ ഉലും.
യുപിയിലെ മറ്റ് പട്ടണങ്ങളേക്കാൾ തെരഞ്ഞെടുപ്പ് ചൂടിലാണ് ദേവ്ബന്ദ്. കൈരാന, സർദാന, മീറത്ത് സൗത്ത്, സിക്കന്തരാബാദ് തുടങ്ങിയ മണ്ഡലങ്ങൾക്ക് സമാനമായി കോൺഗ്രസ് ന്യൂനപക്ഷ വോട്ട് പിളർത്താനിടയുള്ള സീറ്റാണ് ദേവ്ബന്ദും. ന്യൂനപക്ഷ വോട്ട് ഭിന്നിക്കപ്പെട്ടതിനാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി ജയം നേടിയിരുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടർമാരുള്ള ദേവ്ബന്ദിൽ ന്യൂനപക്ഷങ്ങൾ അമ്പത് ശതമാനത്തിനടുത്തുണ്ട്. 77,000 എസ്സി–- എസ്ടി വോട്ടർമാരും 38,000 ഠാക്കൂർമാരും 18,000 ഗുജ്ജറുകളുമുണ്ട്.
അയോധ്യാ വിവാദം കത്തിനിന്ന 1993ലും 1996ലുമാണ് ബിജെപി മുമ്പ് ജയിച്ചിട്ടുള്ളത്. 2012ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് പതിനായിരത്തിൽ താഴെ വോട്ട് മാത്രമാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്ന ഘട്ടങ്ങളിലാണ് ബിജെപിക്ക് ജയിക്കാനായത്. എസ്പി സ്ഥാനാർഥി കാർത്തിക് റാണയും ബിഎസ്പി സ്ഥാനാർഥി രാജേന്ദ്ര സിങ്ങും ഠാക്കൂർ വിഭാഗക്കാരാണ്. സിറ്റിങ് എംഎൽഎ ബ്രിജേഷ് സിങ്ങാണ് ബിജെപി സ്ഥാനാർഥി. ന്യൂനപക്ഷങ്ങൾ നിർണായകമായ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് റാഹെദ് ഖലീഖിനെയാണ്. ഒവൈസിയുടെ ഒമർ മദനിയുമുണ്ട്. ഈ രണ്ട് സ്ഥാനാർഥികളും ന്യൂനപക്ഷ വോട്ടുകളിൽ ഒരു ഭാഗം പിടിച്ചാൽ ബിജെപിക്ക് സാധ്യതയേറും. കോൺഗ്രസിന്റെയും ഒവൈസിയുടെയും സ്ഥാനാർഥികൾക്ക് ബിജെപി പ്രോൽസാഹനം നൽകുകയാണെന്ന് പൊതുപ്രവർത്തകൻ സാദ് സിദ്ദിഖി ദേശാഭിമാനിയോട് പറഞ്ഞു.
ദാറുൾ ഉലുമിനോട് തൊട്ടുചേർന്നാണ് സിദ്ദിഖിയുടെ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയും സിബിഎസ്ഇ സ്കൂളും. സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ ദേവ്ബന്ദിൽ മുന്നിൽനിന്ന് നയിച്ചു. കോൺഗ്രസിന്റെ യുവനേതാവായിരുന്ന സിദ്ദിഖി ജനുവരിയിൽ ഇമ്രാൻ മസൂദിനൊപ്പം എസ്പിയിൽ ചേർന്നു. കോൺഗ്രസിന് യുപിയിൽ ഭാവി ഇല്ലെന്ന് സിദ്ദിഖിയും ഉറപ്പിക്കുന്നു.