കണ്ണൂർ> കെ– റെയിൽ സാമൂഹികാഘാത പഠനം പുരോഗമിക്കവെ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ കുത്തിത്തിരിപ്പിന് തിരിച്ചടി നൽകി സ്ഥലഉടമകൾ. പഠനം നടത്തുന്ന പ്രദേശങ്ങളിൽ ഒരിടത്തും ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവർ സമരത്തിലില്ല. നിശ്ചയിക്കപ്പെട്ട വില്ലേജുകളിലെല്ലാം പഠനം പൂർത്തിയാക്കി. രണ്ടിടത്താണ് ചില കോൺഗ്രസുകാർ പ്രതിഷേധം നടത്തിയത്. ഇവരെ നീക്കിയശേഷം ഈ പ്രദേശങ്ങളിലും കല്ലിട്ടു. മുസ്ലിംലീഗ് നേതാക്കൾ വരെ പഠനത്തിന് പിന്തുണ നൽകി.
മാടായി, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റുമാരും പദ്ധതിക്ക് പൂർണ പിന്തുണയുമായെത്തി. ഇതോടെ ഒറ്റപ്പെടുമെന്ന് ഉറപ്പായ കോൺഗ്രസ്, പ്രവർത്തകർക്ക് പോലും താൽപ്പര്യമില്ലാത്ത സമര പ്രഹസനവുമായി മുന്നോട്ടുപോകുകയാണ്. മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത ‘ജനസമക്ഷം–- കെ റെയിൽ’ വിശദീകരണ യോഗത്തിൽ വേഷം മാറിയെത്തിയ ആറ് കോൺഗ്രസുകാരാണ് കുഴപ്പമുണ്ടാക്കിയത്. ഇത്തരം ഒറ്റപ്പെട്ട രാഷ്ട്രീയ സമരം പൊലിപ്പിച്ച് കാണിച്ച് പദ്ധതിക്കെതിരെ ആയുധമാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം.
ജനപ്രതിനിധികളടക്കമുള്ള സംഘം സ്ഥലഉടമകളെ നേരിട്ടുകണ്ട് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയും വിശദീകരിച്ചുമാണ് പഠനം നടത്തുന്നത്. കേരള വളന്ററി ഹെൽത്ത് സർവീസ് എന്ന സംഘടന കാസർകോട്, കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിൽ നടത്തുന്ന പഠനം നൂറുദിവസത്തിനകം പൂർത്തിയാക്കും. ഭൂമി, വീട്, കെട്ടിടം, ജീവിത സാഹചര്യം അടക്കമുള്ള വിവരങ്ങളാണ് ചോദിച്ചറിയുന്നത്.