റിസർച്ച് ഡെസ്ക്> ആദിത്യനാഥിന്റെ അഞ്ച് വർഷ ഭരണത്തിൽ യുപിയിൽ മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക വേട്ടയാടൽ. 12 പേർ പൊലീസ്, ഗുണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. കർഷകസമരത്തിനിടെ മന്ത്രി പുത്രന്റെ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകുന്നത് പൊലീസുകാരും രാഷ്ട്രീയക്കാരുമാണ്. ജോലിക്കിടെയാണ് കൂടുതൽ ആക്രമണവും.
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതായെന്നും സർക്കാരിനെതിരെ വാർത്ത നൽകുന്നവരെ കായികമായും അധികാരം ദുർവിനിയോഗം ചെയ്തും അടിച്ചമർത്തുന്നുവെന്നും മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തിനെതിരായുള്ള സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇരയായവരിൽ അധികവും സർക്കാരിന്റെ അഴിമതി, കോവിഡ് പ്രതിരോധത്തിലെ വീഴ്ച തുടങ്ങിയവ തുറന്നു കാണിച്ചവരാണ്. കോവിഡ് ആരംഭിച്ചതിനുശേഷം മാത്രം 109 കേസ് മാധ്യമപ്രവർത്തകർക്കെതിരെ രജിസ്ട്രർചെയ്തു.
കൊലയാളികളിൽ പൊലീസും
കൊലപാതകികൾക്ക് പലപ്പോഴും പൊലീസ് സംരക്ഷണമൊരുക്കി. ഭീഷണി നേരിട്ടിരുന്നവർക്ക് പൊലീസ് സുരക്ഷയൊരുക്കിയില്ല. കൊലപ്പെട്ട മാധ്യമപ്രവർത്തകരായ ശുഭം മണി ത്രിപാഠി, സുലഭ് ശ്രീവാസ്തവ എന്നിവർ സുരക്ഷ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുരജ് പാണ്ഡെയുടേത് ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് അവകാശപ്പെട്ടത്.
പിന്നീട് രണ്ട് പൊലീസുകാർ അറസ്റ്റിലായി. 2017ൽ ആദിത്യനാഥ് അധികാരത്തിലേറിയതിന് പിന്നാലെ അവീൻ ഗുപ്ത, രാജേഷ് മിശ്ര എന്നിവർ വെടിയേറ്റ് മരിച്ചു. 2020ൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. രാകേഷ് സിങ്ങിനെ വീട് ആക്രമിച്ച് തീയിട്ടശേഷം കൊലപ്പെടുത്തി. ഉദയ് പാസ്വാനെയും ഭാര്യയെയും ഗുണ്ടകൾ തല്ലിക്കൊന്നു.
പ്രതികാരമായി കേസെടുക്കൽ
നരേന്ദ്ര മോദി ഏറ്റെടുത്ത ഡോമാരി ഗ്രാമത്തിലെ ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തതിനാണ് ‘സ്ക്രോളി’ന്റെ എഡിറ്റർ പ്രിയ ശർമയ്ക്കെതിരെ കേസെടുത്തത്. ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെയും ദേശീയതലത്തിലുള്ള മാധ്യമ പ്രവർത്തകർക്കെതിരെയും കേസെടുത്തു.
പലരുടെയും വീട്ടിൽ നിരവധി തവണ റെയ്ഡ് നടത്തി. ഉച്ചഭക്ഷണ പദ്ധതിയിലെ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത ജനസന്ദേശ് പത്രത്തിന് സർക്കാർ പരസ്യം നൽകുന്നത് നിർത്തി.