ന്യൂഡൽഹി> ഉത്തരാഖണ്ഡിൽ കൊടുംതണുപ്പിലും ആവേശച്ചൂടാർന്ന പ്രചാരണവുമായി സിപിഐ എം. ധരളി മണ്ഡലത്തിലെ സ്ഥാനാർഥി കൻവർറാമിനായി 2400 അടി ഉയരത്തിൽ അതിശൈത്യം അവഗണിച്ച് നൂറുകണക്കിനാളുകൾ പ്രകടനം നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വിജൂകൃഷ്ണൻ ഘുനി ഗ്രാമത്തിൽ പ്രചാരണയോഗത്തെ അഭിസംബോധന ചെയ്തു.
ഡെറാഡൂണിലെ സഹസ്പുരിലെ സ്ഥാനാർഥി കമറുദ്ദീന്റെ പ്രചാരണയോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിജൂകൃഷ്ണൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജോ.സെക്രട്ടറി വിക്രംസിങ്, സിപിഐ എം സംസ്ഥാനസെക്രട്ടറി രാജേന്ദ്രസിങ് നേഗി തുടങ്ങിയവർ സംസാരിച്ചു.
ഉത്തരാഖണ്ഡിൽ 10 സീറ്റിലാണ് ഇടതുമുന്നണി മത്സരിക്കുന്നത്. സിപിഐ എമ്മും സിപിഐയും നാല് സീറ്റിൽ വീതവും സിപിഐ എംഎൽ രണ്ട് സീറ്റിലും.
കേദാർനാഥ്, ധരളി, സഹസ്പുർ, റാണിപുർ എന്നിവിടങ്ങളിലാണ് സിപിഐ എം മത്സരിക്കുന്നത്. കർഷകപ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന്റെ ആവേശം ഉത്തരാഖണ്ഡിൽ പ്രകടം.