ദേവ്ബന്ദ്> സ്വാതന്ത്ര്യ സമരത്തിൽ ദേവ്ബന്ദ് ദാറുൾ ഉലുമിന് വലിയ പങ്കുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരഘട്ടത്തിൽ മീറത്തും മുസഫർനഗറും സഹരൻപുരും ഉൾപ്പെടുന്ന പടിഞ്ഞാറൻ യുപി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ വലിയ അടിച്ചമർത്തൽ ഈ മേഖലയിലുണ്ടായി. ഇതിനിടെ 1866ലാണ് മൗലാനാ മുഹമദ് ഖാസിം അടക്കമുള്ള പ്രമുഖർ ദാറുൾ ഉലും സ്ഥാപിച്ചത്.
മുല്ലാ മെഹ്മൂദ് ആദ്യ അധ്യാപകനായി. മെഹ്മൂദ് ഹസ്സൻ ആദ്യ വിദ്യാർഥിയും. സ്വാതന്ത്ര്യ സമരത്തിൽ സജീവമായ മെഹ്മൂദ് ഹസ്സൻ ബ്രിട്ടീഷുകാർക്കെതിരായി കലാപാഹ്വാനം നടത്തിയെന്ന കുറ്റത്തിൽ ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെട്ടു. ജയിൽ മോചിതനായശേഷം കോൺഗ്രസിൽ ചേർന്നു. ദാറുൾ ഉലുമിലെ നിരവധി വിദ്യാർഥികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായി. മതാടിസ്ഥാനത്തിൽ ഇന്ത്യാ വിഭജനമെന്ന ഹിന്ദു മഹാസഭയുടെയും മുസ്ലിം ലീഗിന്റെയും നിലപാടിനോട് ദാറുൽ ഉലുമിലെ പണ്ഡിതർ യോജിച്ചിരുന്നില്ല.
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രത്യേകമായൊരു രാഷ്ട്രീയ നിലപാട് ദാറുൾ ഉലുമിനില്ല. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് ദാറുൽ ഉലും വക്താവ് അഷ്റഫ് ഉസ്മാനി ദേശാഭിമാനിയോട് പറഞ്ഞു. ദാറുൽ ഉലുമിനോടുള്ള യോഗി സർക്കാരിന്റെ സമീപനം എങ്ങനെയെന്ന ചോദ്യത്തോടും പ്രതികരണമില്ല. തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ സംസാരിക്കാമെന്ന് ചിരിയോടെ ഉസ്മാനി പറഞ്ഞു.
നാലായിരത്തിലേറെ വിദ്യാർഥികളുള്ള ദാറുൽ ഉലുമിനെ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾ പല വിധത്തിലും വേട്ടയാടുന്നുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്റെ ശുപാർശ പ്രകാരം ദാറുൾ ഉലുമിന്റെ വെബ്ബ്സൈറ്റ് അധികൃതർ അടുത്തിടെ അടച്ചുപൂട്ടി.