ന്യൂഡല്‍ഹി> വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കേരളം, ബംഗാള്‍, ജമ്മു-കശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്കെതിരെ ഉന്നയിച്ച അധിക്ഷേപം അദ്ദേഹത്തിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയായി. കേരളം, യുപി എന്നിവിടങ്ങളിലെ രാഷ്ട്രീയ, സാമൂഹ്യ, ജീവിത സാഹചര്യം താരതമ്യം ചെയ്യപ്പെടാനും യുപി എത്രമാത്രം ദയനീയ അവസ്ഥയിലാണെന്നത് ചര്‍ച്ചയാകാനും ഇത് ഇടയാക്കി. ആദിത്യനാഥ് സെല്ഫ്ഗോള് അടിച്ചെന്നാണ് ദേശീയമാധ്യമങ്ങളുടെ വിലയിരുത്തല്‍.
കേരളത്തിലും മറ്റും ‘ന്യൂനപക്ഷ പ്രീണനം’ നടക്കുന്നുവെന്ന ബിജെപി പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് ആദിത്യനാഥിന്റെ പ്രസ്താവനയെന്ന് ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആദിത്യനാഥ് സര്‍ക്കാരിന്റെ വിചാരണയ്ക്ക് ഇത് വഴിയൊരുക്കി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, അന്യായ അറസ്റ്റ് എന്നിവയാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
സാമൂഹ്യ-സാമ്പത്തിക വളര്‍ച്ച സൂചികകളില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നിലും ജമ്മു-കശ്മീര്‍ ശരാശരി നിലയിലും ബംഗാള്‍ യുപിയേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലും ആയിരിക്കെ പരാമര്‍ശം യുക്തിസഹമല്ലെന്ന് ‘ദ ഹിന്ദു’ മുഖപ്രസംഗത്തില്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ യുപിയിലെ പരിതാപകരമായ സ്ഥിതി കോവിഡില്‍ വെളിപ്പെട്ടതാണെന്നും ‘ദ ഹിന്ദു’ വ്യക്തമാക്കി.
കേരളത്തിന്റെ മുന്നേറ്റവും യുപിയുടെ ദയനീയവസ്ഥയും താരതമ്യം ചെയ്ത് ‘ഇന്ത്യ ടുഡെ’ ചാനലില്‍ രാജ്ദീപ് സര്‍ദേശായ് നയിച്ച ചര്‍ച്ച വീണ്ടും സമൂഹ മാധ്യമത്തില്‍ സജീവമായി. ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവും ഡോ. കഫീല്‍ ഖാനെ കേസില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതും ചര്‍ച്ചയായി.
ആദിത്യനാഥ് ചെറുതാക്കാന്‍ ശ്രമിച്ചത് കേരളത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും സാമൂഹ്യ, രാഷ്ട്രീയബോധത്തെയുമാണെന്ന് ‘മലയാള മനോരമ’ മുഖപ്രസംഗത്തില്‍ പറഞ്ഞു. അപക്വമായ പ്രസ്താവനയാണ് അദ്ദേഹത്തിന്റെതെന്ന് ‘മാതൃഭൂമി’ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.