ന്യൂഡൽഹി > യുപിയില്‍ തൊഴിലില്ലായ്മനിരക്ക് കേരളത്തെ അപേക്ഷിച്ച് കുറവാണെന്ന വാദം അടിസ്ഥാനരഹിതം. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ) എന്ന സ്വകാര്യസംഘടനയുടെ കണക്ക് പ്രകാരം 2021ൽ തൊഴിലില്ലായ്മ 4.2 ശതമാനം മാത്രമെന്നാണ് പ്രചാരണം. എന്നാൽ, അവരുടെ സിഎംഐഇ “തൊഴിൽരഹിത’രായി കണക്കാക്കുന്നത് ജോലി ചെയ്യാൻ സന്നദ്ധരായി ശ്രമിച്ചിട്ടും ജോലി കിട്ടാത്തവരെയാണ്. യഥാർഥ തൊഴിൽരഹിതരെ അല്ല. കേരളം, ഹിമാചൽപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ അഭ്യസ്തവിദ്യരുടെ എണ്ണം കൂടുതലായതിനാൽ യുവജനങ്ങൾ സേവനമേഖലകളിൽ ജോലിക്ക് ശ്രമിക്കുന്നു. കേരളത്തിൽ തൊഴിൽരഹിതരായവരുടെ എണ്ണം പൂർണമായി ഔദ്യോഗികകണക്കുകളിൽ വരുന്നു.
യുപിയില്‍ കൃഷിയും ചെറുകിട സംരംഭവും ആശ്രയിക്കുന്ന ഭൂരിപക്ഷവും ഔപചാരിക തൊഴിലിന് ശ്രമിക്കാറില്ല. കുടുംബസംരംഭങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും എന്നാല്‍, പൂർണസമയ ജോലിയും ന്യായമായ വരുമാനവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് യുപിയില്‍ വ്യാപകം. ഭൂമി സ്വന്തമായി ഇല്ലാത്ത കർഷകത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസവും സ്ഥിരം തൊഴിലും സ്വപ്നംമാത്രം. ഇവര്‍ ഇതരസംസ്ഥാനങ്ങളിലെ മഹാനഗരങ്ങളിലേക്ക് കൂലിപ്പണി തേടി പോകുന്നു. ഇത്തരത്തിലുള്ള അതിഥിത്തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസർക്കാർ മുമ്പ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഭൂരഹിതരുടെ എണ്ണം സൂക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞദിവസം രാജ്യസഭയിൽ സർക്കാർ മറുപടി നൽകി.
റിസർവ്ബാങ്കിന്റെ 2018–-19ലെ കണക്കുപ്രകാരം യുപിയിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 10.6 ശതമാനമാണ്; കേരളത്തിൽ 8.5 ശതമാനവും.