കൊച്ചി > കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികളെ പുറംലോകവുമായി ബന്ധപ്പെടാനോ പുറത്തുപോകാനോ അനുവദിക്കാതെ പൂട്ടിയിട്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമവിരുദ്ധമായ ബന്ധിത തൊഴിലിന് (ബോണ്ടഡ് ലേബർ) സമാനമാണ് ഇത്.
കമ്പനി മാനേജ്മെന്റും ചില പൊലീസ്, തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചും അന്വേഷിക്കണം. കിറ്റെക്സ് സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകരുടെ സംഘം അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
കമ്പനിയുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന പരിസ്ഥിതിമലിനീകരണം പരിഹരിക്കാൻ കിറ്റെക്സിന് ബാധ്യതയുണ്ട്. പരിസ്ഥിതിമലിനീകരണം ഇല്ലാതാക്കി നാട്ടുകാർക്ക് സ്വൈരജീവിതം സാധ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. അഡ്വ. പി ചന്ദ്രശേഖർ, അഡ്വ. പി കെ ഇബ്രാഹിം, അഡ്വ. രാജഗോപാൽ വാകത്താനം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.