സഹരൻപ്പുർ > ‘ഉത്തർപ്രദേശിൽ കോൺഗ്രസിന് ഇനി ഭാവിയില്ല. സംഘടനാ സംവിധാനം പൂർണമായും തകർന്നു. റായ്ബറേലിയിലും അമേത്തിയിലുംപോലും മണ്ണിളകി. രാഹുലിനും പ്രിയങ്കയ്ക്കും മാത്രമായി ഒന്നും ചെയ്യാനാകില്ല. നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് പോവുകയാണ്. തീവ്രഹിന്ദുത്വവാദികളായ സംഘപരിവാറുള്ളപ്പോൾ കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് പ്രസക്തിയില്ല. നേതൃത്വം അത് തിരിച്ചറിയുന്നില്ല. കാവിവൽക്കരണം ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽനിന്ന് അകറ്റി’–- പറയുന്നത് ഇമ്രാൻ മസൂദ്.
പടിഞ്ഞാറൻ യുപിയിൽ സമീപകാലംവരെ കോൺഗ്രസിന്റെ മുഖമായിരുന്നു എഐസിസി മുൻ സെക്രട്ടറിയും യുപി വൈസ്പ്രസിഡന്റും എംഎൽഎയുമായിരുന്ന മസൂദ്. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരെ നേതൃത്വം തുടർച്ചയായി തഴയുന്നതിൽ മനംമടുത്ത് അടുത്തിടെ സമാജ്വാദി പാർടിയിലക്ക് മാറി.
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ സഹരൻപ്പുരിന്റെ രാഷ്ട്രീയത്തിൽ കൈയൊപ്പ് പതിഞ്ഞതാണ് മസൂദിന്റെ കുടുംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെതുടർന്ന് സഹരൻപ്പുരിലും സമീപപ്രദേശങ്ങളിലും ബ്രിട്ടീഷ് സേന നടത്തിയ അടിച്ചമർത്തൽ ശ്രമങ്ങളെ ചെറുത്തവരിൽ മസൂദ് കുടുംബവുമുണ്ട്. വിഭജനകാലത്ത് പാകിസ്ഥാനിൽനിന്ന് എത്തിയ ആയിരക്കണക്കിനു സിഖ് കുടുംബങ്ങൾക്ക് മസൂദ് കുടുംബം അഭയമൊരുക്കി. അമ്മാവൻ റഷീദ് മസൂദ് കേന്ദ്രമന്ത്രിയായിരുന്നു.
കോൺഗ്രസും ഒവൈസിയും ഒരേ തൂവൽപക്ഷികൾ
സഹരൻപ്പുരില് എസ്പി സ്ഥാനാർഥി സഞ്ജയ് ഗാർഗിനായുള്ള പ്രചാരണത്തിരക്കിനിടെയാണ് ഇമ്രാൻ മസൂദ് ദേശാഭിമാനിയുമായി സംസാരിച്ചത്. ശരിയായ പാതയിലല്ല കോൺഗ്രസിന്റെ പോക്ക്. വലിയതോതിൽ ഹിന്ദുവൽക്കരിക്കപ്പെടുന്നു. ന്യൂനപക്ഷ നേതാക്കൾ തഴയപ്പെടുകയാണ്. 403 സീറ്റിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്. കോൺഗ്രസ് സാന്നിധ്യം പല സീറ്റിലും ബിജെപിക്ക് ഗുണം ചെയ്യും.
ബിജെപിയെ ഒവൈസി സഹായിക്കുന്നതുപോലെതന്നെ കോൺഗ്രസും സഹായിക്കുന്നു. കോൺഗ്രസും ഒവൈസിയും മതേതര വോട്ടുകൾ എത്ര പിളർത്തിയാലും എസ്പി-ആർഎൽഡി സഖ്യം ഭരണത്തിലെത്തും- മസൂദിന് ആത്മവിശ്വാസം.