മംഗളൂരു > ഇന്ത്യ മതേതര രാഷ്ട്രമായതിനാൽ ഒരു മതത്തെയും രാജ്യത്തിന്റെ പേരിൽ അടയാളപ്പെടുത്താനാകില്ലെന്ന് കർണാടക ഹൈക്കോടതി. വെള്ളിയാഴ്ച പുറത്തുവന്ന ഹിജാബ് വിഷയത്തിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. രാജ്യം ബഹുസ്വര സംസ്കാരത്തിന്റെയും മത, ഭാഷകളുടെയും നാടാണെന്ന് ഇടയ്ക്ക് ഓർമിപ്പിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്. ക്ലാസ് മുറികളിൽ ശിരോവസ്ത്രവും കാവി ഷാളുമൊക്കെ ധരിച്ച് പ്രവേശിക്കുന്നതിന് അനുവാദത്തിനായുള്ള പ്രതിഷേധങ്ങളല്ല, ക്ലാസിൽ കയറി പഠിക്കുക എന്നതാണ് വിദ്യാർഥികളുടെ താൽപ്പര്യം സംരക്ഷിക്കുന്നത്. ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കണമെന്നത് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണോ എന്നതിൽ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച്, കേസ് തീർപ്പാക്കുന്നതുവരെ മതപരമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ക്ലാസുകളിൽ പ്രവേശിക്കരുതെന്ന വാക്കാലുള്ള നിർദേശമാണ് നൽകിയിരുന്നത്. ഇടക്കാല ഉത്തരവിന്റെ പകർപ്പിലാണ് ഹൈക്കോടതിയുടെ വിശദമായ നിരീക്ഷണം. തിങ്കളാഴ്ചയും വാദം കേള്ക്കും.
പെണ്കുട്ടികളുടെ വ്യക്തിവിവരം പ്രചരിപ്പിച്ച് സംഘപരിവാർ
ഉഡുപ്പി പ്രീയൂണിവേഴ്സിറ്റി കോളേജില് ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന ആറ് പെണ്കുട്ടികളുടെ ഫോണ്നമ്പര് അടക്കം വ്യക്തി വിവരങ്ങൾ സംഘപരിവാരങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കള് പൊലീസില് പരാതി നല്കി.
തെളിവ് ശേഖരിച്ചുവരികയാണെന്നും നടപടി സ്വീകരിക്കുമെന്നും ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് എന് വിഷ്ണുവര്ധന് അറിയിച്ചു. ഉഡുപ്പി എംഎൽഎ രഘുപതി ഭട്ട് അടക്കമുള്ളവരാണ് വിദ്യാർഥിനികളുടെ ഫോൺ നമ്പർ അടക്കം ആദ്യം പ്രചരിപ്പിച്ചത്. ഇതേ തുടര്ന്ന് പെൺകുട്ടികളേയും വീട്ടുകാരേയും പലഭാഗത്തുനിന്നായി അക്രമികൾ വിളിച്ചു ഭീഷണിപ്പെടുത്തി. ഇതോടെയാണ് രക്ഷിതാക്കള് പരാതി നൽകിയത്.
ഫ്ലാഗ് മാർച്ച് നടത്തി
സംഘർഷത്തെ തുടർന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കർണാടകത്തിലെ മൂന്ന് നഗരത്തിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. ഉഡുപ്പി, ചിത്രദുർഗ, ദൊഡ്ഡബല്ലാപ്പുര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മാർച്ച് നടത്തിയത്.
വിദ്യാർഥികളെ പരീക്ഷ എഴുതിച്ചില്ല
ബിദറിൽ ഹിജാബ് ധരിച്ച് പരീക്ഷയ്ക്കുവന്ന നഴ്സിങ് വിദ്യാർഥിനികളെ തടഞ്ഞു. വ്യാഴാഴ്ച നടന്ന ബിഎസ്എസ് നഴ്സിങ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള ഉത്തരവുണ്ടെന്നു പറഞ്ഞ് ബിദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്.
സർവകക്ഷി യോഗം
ഹിജാബിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ തീരുമാനിച്ചു. രാജ്യത്ത് വെറുപ്പ് പടരുന്നത് തടയുന്നതിനായാണ് എല്ലാ മത–-ആത്മീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സർവകക്ഷി യോഗം വിളിച്ചുചേർക്കുന്നതെന്ന് അധ്യക്ഷൻ മൗലാന ഖാലിദ് റാഷിദ് പറഞ്ഞു.