പൂണെ > ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളെല്ലാം ശരിയാണെന്ന് വിചാരിച്ച ഔറംഗബാദിലെ കര്ഷകൻ ഇപ്പോള് ഒമ്പത് ലക്ഷത്തിന്റെ കടക്കാരന്. പൈതാന് ഗ്രാമത്തിലെ ജ്ഞാനേശ്വര് ജനാര്ദനന് അവാതെ എന്ന കര്ഷകനാണ് ജന്ധന് അക്കൗണ്ടിലെത്തിയ 15,34,624 രൂപ 2014ലെ തെരഞ്ഞെടുപ്പില് മോദി വാഗ്ദാനം ചെയ്ത തുകയാണെന്ന് തെറ്റിദ്ധരിച്ചത്. ആഗസ്തിലാണ് പണമെത്തിയത്. ഉടന് മോദിക്ക് നന്ദിയറിയിച്ച് കത്തെഴുതി. അക്കൗണ്ടില്നിന്ന് ഒമ്പതുലക്ഷം രൂപയെടുത്ത് വീടുപണി ആരംഭിക്കുകയും ചെയ്തു
.
വീടുപണി പൂര്ത്തീകരിക്കാനായി ബാക്കി തുക എടുക്കാനിരുന്നപ്പോഴാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും ഒമ്പതു ലക്ഷം തിരികെ കൊടുക്കണമെന്നതും ജ്ഞാനേശ്വര് അറിയുന്നത്. 15–-ാമത് ധന കമീഷന് ശുപാര്ശ പ്രകാരം പിമ്പല്വാടി പഞ്ചായത്തിന്റെ വികസനാവശ്യങ്ങള്ക്കുവേണ്ടി ജില്ലാ കൗണ്സില് വകയിരുത്തിയ തുകയാണ് ജ്ഞാനേശ്വറിന്റെ അക്കൗണ്ടിലെത്തിയത്.
ബാങ്കിന്റെയോ പഞ്ചായത്ത് അധികൃതരുടെയോ ഭാഗത്തുനിന്ന് വന്ന തെറ്റാണെങ്കില്ക്കൂടിയും തുക തിരികെ അടച്ചില്ലെങ്കില് ജപ്തി അടക്കം നിയമനടപടിക്ക് വിധേയനാകേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതര് ജ്ഞാനേശ്വറിനെ അറിയിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്ഷകന് ഇനി തുക തവണകളായി ബാങ്കില് തിരിച്ചടയ്ക്കുകയേ നിവൃത്തിയുള്ളൂ.