ന്യൂഡൽഹി > രാജ്യത്തെ ഡോക്ടർമാർ ബിരുദം സ്വീകരിക്കുമ്പോൾ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കണമെന്ന ദേശീയ മെഡിക്കൽ കമീഷന്റെ നിർദേശം വിവാദത്തില്. പുരാതനഗ്രീസിലെ ഭിഷഗ്വരനായ ഹിപ്പോക്രാറ്റ്സിന്റെ പേരിലുള്ള പ്രതിജ്ഞയ്ക്ക് പകരം ചരകമഹർഷിയുടെ പേരിലുള്ള ശപഥം ചൊല്ലണമെന്നാണ് നിർദേശം.
ആർഎസ്എസിന്റെ ദീർഘകാല അജൻഡയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.
ആർഎസ്എസിന്റെ മെഡിക്കല് വിഭാഗമായ നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ (എൻഎംഒ) 2017ൽത്തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ‘നാം ജീവിക്കുന്നത് ഇന്ത്യയിലാണെങ്കിൽ ഡോക്ടർമാർ പ്രതിജഞ എടുക്കേണ്ടത് ചരകന്റെ പേരിലാണ്’–- എൻഎംഒ ഭാരവാഹിയായിരുന്ന ഡോ. പ്രശാന്ത്ചൗധ്രി പ്രതികരിച്ചു. ഗുജറാത്തിൽ പലയിടത്തും എൻഎംഒ യുവഡോക്ടർമാർക്ക് ചരകശപഥം ചൊല്ലിക്കൊടുക്കാറുണ്ട്.
വൈദ്യശാസ്ത്രത്തിലെ നൈതികതയ്ക്കും ധാർമികതയ്ക്കും പ്രാധാന്യം നൽകുന്നതാണ് ഹിപ്പോക്രാറ്റ്സിന്റെ പേരിലുള്ള പ്രതിജ്ഞ. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് ഈ പ്രതിജ്ഞയ്ക്ക് നിരവധി ഭേദഗതി വരുത്തി. എന്നാൽ, ചരകശപഥത്തിൽ ഗുരു–-ശിഷ്യ ബന്ധത്തിനാണ് പ്രാധാന്യം. ഗുരുവിനെ ചോദ്യംചെയ്യാതെ അദ്ദേഹത്തിന്റെ ആജ്ഞ പാലിക്കണമെന്നാണ് നിർദേശം. മതപരവും ജാതീയവുമായ പിന്തിരിപ്പൻ ചിന്താഗതികളും ശപഥത്തിൽ ഉണ്ടെന്ന് വിമർശമുണ്ട്.
‘ദിവ്യജ്യോതി’യുടെ സാന്നിധ്യത്തിലാണ് ചരകശപഥം എടുക്കേണ്ടത്. സ്ത്രീകളെ ചികിത്സിക്കുന്നത് ഭർത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിൽ മാത്രമാകണമെന്നും ശപഥത്തിലുണ്ട്. വൈദ്യശാസ്ത്രലോകം നിരവധി ചർച്ചകളിലൂടെ എത്തിച്ചേർന്ന അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെന്ന് ഡോ. ബി ഇക്ബാൽ പറഞ്ഞു. അതിനുപകരം, യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ രാജ്യത്ത് മാത്രമായി നടപ്പാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുകില് കുറിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ നിലപാടെടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനടക്കം തയ്യാറാകണമെന്ന് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നു.