കൊച്ചി > കാക്കനാട് മയക്കുമരുന്ന് കേസിൽ ആറു മാസത്തെ അന്വേഷണത്തിനുശേഷം എക്സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 10,192 പേജുകളുള്ള കുറ്റപത്രമാണ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. 25 പ്രതികളുള്ള കേസിൽ 19 പേർ അറസ്റ്റിലായി. ആറു പ്രതികൾ ഒളിവിലാണ്. ഇതിൽ മൂന്നുപേർ വിദേശത്തേക്ക് കടന്നു. ഇവർക്കായി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഒളിവിലുള്ള എല്ലാ പ്രതികൾക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കേസിലെ 19 പ്രതികൾക്കും നൽകിയ കുറ്റപത്രത്തിന്റെ പകർപ്പുകൾകൂടി ചേർത്താൽ 67,553 പേജ് വരും. ഓരോ പ്രതിക്കും മൂവായിരത്തിലേറെ പേജുള്ള പകർപ്പുകളാണ് നൽകിയത്. സിന്തറ്റിക് മയക്കുമരുന്നുകൾ കൈവശംവച്ചതിനും മയക്കുമരുന്ന് കടത്തിന് ഗൂ–ഢാലോചന നടത്തിയതിനും സാമ്പത്തികസഹായം നൽകിയതിനുമാണ് കേസെടുത്തത്.
കുറ്റപത്രത്തോടൊപ്പം 38 ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, 33 മൊബൈൽഫോൺ സിഡിആർ എന്നിവയും ഫോൺ രേഖകളും സമർപ്പിച്ചിട്ടുണ്ട്. 111 സാക്ഷികളാണുള്ളത്.
ആദ്യം രജിസ്റ്റർ ചെയ്ത 84 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടിച്ച കേസിലാണ് കുറ്റപത്രം. 1.085 കിലോഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടിച്ച രണ്ടാമത്തെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിൽ മാർച്ചിൽ കുറ്റപത്രം നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ടി എം കാസിം പറഞ്ഞു.
2021 ആഗസ്ത് പത്തൊമ്പതിനാണ് കാക്കനാട്ടെ അപ്പാർട്ട്മെന്റിൽനിന്ന് 84 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തത്. ഏഴുപേരെ കസ്റ്റഡിയിലെടുത്തു. പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ റെയ്ഡിൽ 1.085 കിലോഗ്രാം മെത്താഫിറ്റമിൻ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചു. ചെന്നൈയിൽനിന്ന് കാറിൽ നായകളുമായി കുടുംബസമേതമെന്നരീതിയിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ടി എം കാസിമിന്റെ നേതൃത്വത്തിൽ എക്സൈസ് സിഐ കെ വി സദയകുമാർ, ഇൻസ്പെക്ടർ പി ജി കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ എം എ യൂസഫലി, വി എസ് ഷൈജു എന്നിവരടങ്ങുന്ന ടീമാണ് കേസ് അന്വേഷിച്ചത്.
മുങ്ങിയും പൊങ്ങിയും ചെന്നൈക്കാരൻ സേട്ട്
കൊച്ചിയിലെ സംഘത്തിന് മയക്കുമരുന്ന് കൈമാറിയ ചെന്നൈ തൊണ്ടിയാർപെട്ട് സ്വദേശി ഷംസുദീൻ സേട്ട് എക്സൈസ് ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ഇയാൾ കേസിൽ 25-ാംപ്രതിയാണ്. ഇയാളുടെ താമസസ്ഥലവും ബന്ധുക്കളെയും കണ്ടെത്തിയിരുന്നു. ചെന്നൈ ആർകെ നഗർ പൊലീസിന്റെ സഹായത്തോടെ ഇയാൾ താമസിച്ച വീടുകളിൽ പരിശോധന നടത്തി.
കേസ് എടുത്തയുടനെ തൊണ്ടിയാർപേട്ടിലെ നേതാജി നഗറിൽനിന്ന് പ്രതി മുങ്ങി. കരുണാനിധി നഗറിലേക്കാണ് മാറിയത്. ഇവിടെനിന്ന് പോണ്ടിച്ചേരി കാരക്കലിലേക്ക് മാറി. ഇവിടെനിന്നും മുങ്ങിയിരിക്കുകയാണ്.