ന്യൂഡൽഹി> മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാനും ഉള്ള അവകാശം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. ഹിജാബ് ധരിച്ച് മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എത്തുന്നതിനെച്ചൊല്ലി കർണാടകത്തിൽ അനാവശ്യവിവാദം ഉണ്ടാക്കുന്നു. വർഗീയധ്രുവീകരണം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിവാദം കത്തിപ്പടരുന്നത് തടയാൻ കർണാടക സർക്കാർ നടപടി സ്വീകരിച്ചില്ല. വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്നത് തടയാൻ കർശന നടപടി വേണം. വിദ്യാർഥിനികളുടെ അവകാശം സംരക്ഷിക്കാൻ കർണാടക സർക്കാരിനോട് നിർദേശിക്കണം. രാജ്യത്തെ സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രബജറ്റ് നിർദേശങ്ങൾ ജനവഞ്ചന
സ്വകാര്യകുത്തകകളെ സഹായിക്കാൻമാത്രം ഉദ്ദേശിച്ചാണ് കേന്ദ്രം നയങ്ങള് രൂപീകരിക്കുന്നതെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം. രാജ്യസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവൽക്കരണമാണ് ബജറ്റിന്റെ അടിസ്ഥാനം. തൊഴിലാളികൾക്കോ കർഷകർക്കോ സഹായപദ്ധതികളില്ല. കോവിഡിൽ കഷ്ടത്തിലായ സാധാരണക്കാരുടെ പ്രശ്നംപരിഹരിക്കാൻ നിർദേശമില്ല. തൊഴിലില്ലായ്മയോടും വിലക്കയറ്റത്തോടും മുഖംതിരിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഹിതം വെട്ടിക്കുറച്ചു. അടിസ്ഥാന വികസന പദ്ധതികളിൽ മുൻ വർഷത്തേതിലും വിഹിതം വെട്ടിക്കുറച്ചു. 2021-–-22ൽ ബജറ്റ് അടങ്കൽ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത് ഇത്തവണ 15.3 ശതമാനക്കി. ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.